Asianet News MalayalamAsianet News Malayalam

Army Helicopter Crash : കൂനൂർ ഹെലികോപ്ടർ ദുരന്തം; സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചു

എയർ മാർഷൽ മാനവേന്ദ്രസിം​ഗിന്റെ  നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് അറിയിച്ചു. പാർലമെന്റിൽ പ്രതിരോധ മന്ത്രി ഇക്കാര്യം അറിയിക്കുകയായിരുന്നു. 

coonoor army helicopter crash joint forces  investigation announced
Author
Delhi, First Published Dec 9, 2021, 11:42 AM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ (Coonoor helicopter crash)  സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചു. എയർ മാർഷൽ മാനവേന്ദ്രസിം​ഗിന്റെ (Manavendra Singh)  നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് (Rajnath Singh) അറിയിച്ചു. പാർലമെന്റിൽ പ്രതിരോധ മന്ത്രി ഇക്കാര്യം അറിയിക്കുകയായിരുന്നു. 

ഹെലികോപ്റ്റർ പൈലറ്റ് എന്ന നിലയ്ക്ക് സുദീർഘ പരിചയമുള്ള എയർമാർഷൽ മാനവേന്ദ്ര സിംഗിനാണ് അന്വേഷണ ചുമതല. നേരത്തെ വിമാന സുരക്ഷയുടെയും പരിശോധനയുടെയും ഡയറക്ടർ ജനറൽ ആയിരുന്നു സതേൺ കമാൻഡ് മേധാവി സ്ഥാനത്ത് നിന്ന് ട്രെയിനിംഗിൻറെ ചുമതലയിലേക്ക് മാറിയ മാനവേന്ദ്ര സിംഗ്. ഹെലികോപ്റ്ററിന് സുലൂർ എടിസിയുമായുള്ള (Air Traffic Contorl)ബന്ധം 12. എട്ടിന് നഷ്ടമായി എന്നാണ് രാജ്നാഥ് സിംഗ് പാർലമെൻറിനെ അറിയിച്ചത്. വെല്ലിംഗ്ടൺ കൺട്രോളുമായി സമ്പർക്കത്തിൽ എന്നാണ് അവസാനം ഹെലികോപറ്ററിൽ നിന്ന് കിട്ടിയ സന്ദേശം. അടിയന്തര സന്ദേശമൊന്നും പൈലറ്റ് നല്കിയില്ലെന്നാണ് എടിസി പറയുന്നു. ഹെലികോപ്റ്റർ അവസാന സർവ്വീസിനു ശേഷം 26 മണിക്കൂർ പറന്നതാണ്. അവസാന നാലു പറക്കലിലും എന്തെങ്കിലും സാങ്കേതിക പിഴവ് റിപ്പോർട്ട് ചെയ്തിരുന്നില്ല.  അങ്ങനെ എങ്കിൽ എങ്ങനെ അപകടം ഉണ്ടായി എന്നതിലാണ് അവ്യക്തത തുടരുന്നത്. പ്രതികൂല കാലവാവസ്ഥ, മരത്തിലിടിക്കാനുള്ള സാധ്യത എന്നിവയാണ് കുടുതൽ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അട്ടിമറിക്കുള്ള സാധ്യത ഉൾപ്പടെ ഇപ്പോൾ പ്രചരിക്കുന്ന ഒന്നും തല്ക്കാലം കേന്ദ്രം തള്ളിക്കളയുന്നില്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നീക്കൾ വേണോയെന്ന് കേന്ദ്രം ആലോചിക്കും. 

അപകടത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തി. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ ഡാറ്റാ റെക്കോർഡർ പരിശോധന സഹായിക്കും. സുരക്ഷാ സംവിധാനത്തിൽ ഏതെങ്കിലും വിധത്തിലുള്ള പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനയിൽ വ്യക്തമാകും. വിങ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാസംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി.

Read Also: വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍, ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും

ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തടക്കം 14 പേർ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടർ ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിലെ കൂനൂരിന് സമീപമായിരുന്നു അപകടം. ബിപിൻ റാവത്തിനൊപ്പം ഭാര്യയും മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. വ്യോമസേനയുടെ മികവുറ്റ ഹെലികോപ്ടറുകളിലൊന്നായ എംഐ- 17വി5 ആയിരുന്നു അപകടത്തിൽ പെട്ടത്. മി-എട്ട് ഹെലികോപ്ടറുകളുടെ റഷ്യൻ നിർമ്മിത സൈനിക-ഗതാഗത പതിപ്പാണ് എംഐ- 17വി5. സൈനിക വിന്യാസം, ആയുധ വിതരണം, അഗ്നിശമന സഹായം, പട്രോളിംഗ്, സെർച്ച് ആൻഡ് റെസ്ക്യൂ ദൗത്യങ്ങൾ തുടങ്ങി വിവിധോപയോഗ ഹെലികോപ്ടറാണിത്. ലോകത്തിലെ ഏറ്റവും നൂതനമായ സൈനിക ഗതാഗത ഹെലികോപ്ടറുകളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. 

Read Also: ജനറൽ ബിപിൻ റാവത്തിനും പത്നിക്കും മരണപ്പെട്ട സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് സൈന്യം

Follow Us:
Download App:
  • android
  • ios