Asianet News MalayalamAsianet News Malayalam

Army Helicopter Crash : വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍, ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും

ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരിൽ വ്യോമസേനയുടെ എം.17 ഹെലികോപ്ടര്‍ തകർന്നത്. ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു അപകടം. 

survivor of the Coonoor helicopter crash group captain Varun Singh will be given expert treatment
Author
Bengaluru, First Published Dec 9, 2021, 11:18 AM IST

ചെന്നൈ: ഹെലികോപ്ടർ‍ അപകടത്തില്‍ (Army Helicopter Crash)  പരിക്കേറ്റ ഗ്രുപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്‍റെ (Varun Singh) തിരിച്ച് വരവിനായി പ്രാർ‍ത്ഥനയോടെ രാജ്യം. വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന അദ്ദേഹത്തെ ആവശ്യമെങ്കില്‍ ബെംഗളൂരുവിലെക്ക് മാറ്റും. അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെടാനായത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിന് മാത്രമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് വെല്ലിംങ്ങ്ടണ്‍ സൈനിക ആശുപത്രിയിലെ ഡോക്ടർമാര്‍. ആവശ്യമുണ്ടെന്ന് കണ്ടാല്‍ ബെംഗളൂരു കമാന്‍ഡ് ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റും. 

ഇതിനായുള്ള എല്ലാം സൗകര്യങ്ങളും വെല്ലിംങ്ങ്ടണില്‍ ഒരുക്കിയിട്ടുണ്ട്. പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗ്ധ്യമാണ് ഓടിച്ചിരുന്ന എയര്‍ക്രാഫ്റ്റ് അപകടത്തില്‍പ്പെട്ട കഴിഞ്ഞ വര്‍ഷം വരുണ്‍ സിംഗിന്‍റെ ജീവന്‍ രക്ഷിച്ചത്. ഉയർന്ന് പറക്കുമ്പോള്‍ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു. എന്നാല്‍ തകരാ‍ർ മനസ്സിലാക്കി മനസ്സാന്നിധ്യം കൈവിടാതെ അദ്ദേഹം ഉയരം ക്രമീകരിച്ച് എയര്‍ക്രാഫ്റ്റ് നിലത്തിറക്കുകയായിരുന്നു. സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കിയാണ് വരുണ്‍ സിംഗിന്‍റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചത്. വെല്ലിംങ്ങ്ടണ്‍ ഡിഫന്‍സ് സർവീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫായി സേവനം അനുഷ്ഠിക്കവേ വീണ്ടും അപകടം സംഭവിക്കുകയായിരുന്നു. ബിപിന്‍ റാവത്തിനെ സ്വീകരിക്കാനായാണ് സുലൂരിലേക്ക് പോയത്. വരുണ്‍ സിംഗിന്‍റെ തിരിച്ച് വരവിനായി പ്രാർത്ഥിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം കൂനൂരില്‍ അപകടത്തില്‍പ്പെട്ട വ്യോമസേന ഹെലികോപ്ടറില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വ്യക്തമാക്കി. വെല്ലിംഗ്ടൺ എടിസിയുമായി സമ്പർക്കത്തിൽ എന്നായിരുന്നു ഏറ്റവും അവസാനം പൈലറ്റ് നല്‍കിയ സന്ദേശം. അപകടത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്ടറിന്‍റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തി. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ ഡാറ്റാ റെക്കോർഡർ പരിശോധന സഹായിക്കും. സുരക്ഷാ സംവിധാനത്തിൽ ഏതെങ്കിലും വിധത്തിലുള്ള പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനയിൽ വ്യക്തമാകും. വിങ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാ സംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി.

Follow Us:
Download App:
  • android
  • ios