ബാവൽ: കേന്ദ്ര കാർഷിക നിയമത്തിനെതിരായ കർഷകരുടെ പ്രതിഷേധത്തിനിടെ പൊലീസുകാരുമായുണ്ടായ കയ്യേറ്റത്തിന്റെ വീഡിയോ പുറത്ത്. കർഷകർ പ്രതിഷേധിക്കുന്ന ദില്ലി അതിർത്തിയിലേക്കുള്ള മറ്റ് കർഷകരുടെ യാത്ര തടഞ്ഞതാണ് കയ്യേറ്റത്തിന് ഇടയാക്കിയത്. ഹരിയാനയിലെ ബവാലിൽ ആണ് സംഭവം ഉണ്ടായത്. ഇതിനിടെ 20 കർഷകരെ പൊലീസ് തടവിലാക്കി. ഇവർക്കായി 200 ഓളം പേരാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഒരു മണിക്കൂറിന് ശേഷം 20 പേരെയും വിട്ടയച്ചു. 

കർഷകരുടെ വാഹനങ്ങൾ തടഞ്ഞ പൊലീസ് ട്രാക്റ്ററിൽ വലിഞ്ഞുകയറി താക്കോൽ പിടിച്ചെടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഹരിയാനയിൽ നിന്നുള്ള കർഷകർ ദില്ലി - ജയ്പൂർ പാതയിൽ പ്രതിഷേധിച്ചതോടെ വലിയ ​ഗതാ​ഗതക്കുരുക്കാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ദില്ലിയിലേക്ക് തിരിച്ച കർഷകരെ പൊലീസ് സംഘം ബാവലിൽ തടഞ്ഞത്.