Asianet News MalayalamAsianet News Malayalam

പൊലീസുകാര്‍ക്ക് പ്രതിരോധത്തിനായി വാളിന് സമാനമായ ആയുധം; വിശദീകരണം തേടി ദില്ലി പൊലീസ്

ഷാദ്ര ജില്ലയിലെ പൊലീസുകാര്‍ ഈ ആയുധവുമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന ശേഷമാണ് ഈ ആയുധം പിന്‍വലിക്കാനും ഇത്തരം ആയുധം ഉപയോഗിക്കാനുണ്ടായ സാഹചര്യത്തേക്കുറിച്ചും ദില്ലി പൊലീസ് വിശദീകരണം തേടിയത്.

cops get sword-like metal batons delhi police seeks explanation
Author
East Delhi Assessment Zone, First Published Feb 2, 2021, 5:19 PM IST

ദില്ലി: ഷാദ്ര പൊലീസിനെ ഇരുമ്പ് ദണ്ഡുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ വിശദീകരണം തേടി ദില്ലി പൊലീസ്. ദില്ലി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇരുമ്പ് ദണ്ഡുകള്‍ സമരങ്ങളെ അടിച്ചൊതുക്കാന്‍ ഉപയോഗിക്കരുതെന്നും അനുമതി ഇല്ലാതെ ഉപയോഗിക്കരുതെന്നും പൊലീസിന് നിര്‍ദ്ദേശം നല്‍കി. വാളിന് സമാനമായ 60 ഇരുമ്പ് ദണ്ഡുകളാണ് ഷാദ്ര  ജില്ലയില്‍ വിതരണം ചെയ്തത്. വാളുമായി നേരിടാന്‍ വരുന്നവരെ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

കര്‍ഷക സമരത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രകോപിതരായ കര്‍ഷകര്‍ പൊലീസിന് നേരെ വാളുകള്‍ ഓങ്ങിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ നിരവധി പൊലീസുകാര്‍ക്ക് വാളുകള്‍ കൊണ്ട് പരിക്കേറ്റതിന് പിന്നാലെയാണ് ഇത്തരമൊരു പ്രതിരോധം തീര്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് പൊലീസുകാര്‍ പ്രതികരിക്കുന്നത്. ഷാദ്ര ജില്ലയിലെ പൊലീസുകാര്‍ ഈ ആയുധവുമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തിങ്കളാഴ്ചയായിരുന്നു പൊലീസുകാര്‍ക്ക് പ്രതിരോധത്തിനായി ഇരുമ്പ് വാളുകള്‍ നല്‍കിയത്.

രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന ശേഷമാണ് ഈ ആയുധം പിന്‍വലിക്കാനും ഇത്തരം ആയുധം ഉപയോഗിക്കാനുണ്ടായ സാഹചര്യത്തേക്കുറിച്ചും ദില്ലി പൊലീസ് വിശദീകരണം തേടിയത്. ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്നും ദില്ലി പൊലീസ് വിശദമാക്കി. വലത് കയ്യില്‍ വാളിന് സമാനമായ ഇരുമ്പ് ദണ്ഡും ഇടത് കയ്യില്‍ പടച്ചട്ടയ്ക്ക് സമാനമായ വസ്തുവുമായിരുന്നു വിതരണം ചെയ്തത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നുവെന്നാണ് നേരത്തെ ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. റിപബ്ലിക് ദിനത്തില്‍ നടന്ന കാര്‍ഷിക റാലി അക്രമത്തിലേക്ക് തിരിഞ്ഞപ്പോള്‍ സംഘടിച്ചെത്തിയ പലരുടേയും പക്കല്‍ വാളുണ്ടായിരുന്നു.

ഡ്യൂട്ടിക്കിടെ പരിക്ക് കുറയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമമെന്നാണ് പൊലീസുകാര്‍ പുതിയ പ്രതിരോധത്തേക്കുറിച്ച് പ്രതികരിക്കുന്നത്. 4 മുതല്‍ 5 അടി വരെ നീളമുള്ളതാണ് ഇരുമ്പ് ദണ്ഡ്. ഭാരം കുറഞ്ഞ ലോഹമുപയോഗിച്ചാണ് കൈകളെ സംരക്ഷിക്കാനുള്ള കവചമുണ്ടാക്കിയിട്ടുള്ളത്. സിംഘു അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമത്തില്‍ പൊലീസുകാരന് കയ്യില്‍ വെട്ടേറ്റിരുന്നു. അക്രമിയെ പൊലീസ് പിടികൂടിയെങ്കിലും സാരമായ പരിക്ക് പൊലീസുകാരന് ഏറ്റിരുന്നു. 

Follow Us:
Download App:
  • android
  • ios