2020 ലെ ദില്ലി കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാൻ ദില്ലി ഹൈക്കോടതി ചൊവ്വാഴ്ച പോലീസിനോട് നിർദ്ദേശിച്ചു.

ദില്ലി: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ദില്ലി പൊലീസ്. ദില്ലി കലാപം സമൂഹത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമമായിരുന്നുവെന്നും സി‌എ‌എയ്‌ക്കെതിരായ പ്രക്ഷോഭം മാത്രമായിരുന്നില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ദില്ലിയിലേത് സ്വയമേവയുണ്ടായ കലാപമായിരുന്നില്ല. നന്നായി രൂപകൽപ്പന ചെയ്തതും മുൻകൂട്ടി ആസൂത്രണം ചെയ്തതുമായിരുന്നുവെന്നും തുഷാർ മേത്ത പറഞ്ഞു. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ പരി​ഗണിച്ചത്. വിചാരണ വൈകുന്നതിന് പ്രതികൾ തന്നെയാണ് ഉത്തരവാദികളെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലി പൊലീസിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവും ഹാജരായി. 

വാദം കേൾക്കൽ പുരോ​ഗമിക്കുകയാണ്. 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ഫെബ്രുവരിയിലെ കലാപത്തിന്റെ സൂത്രധാരന്മാർ ആണെന്ന് ആരോപിച്ച് ഖാലിദ്, ഇമാം, ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, റഹ്മാൻ എന്നിവർക്കെതിരെ ഭീകരവിരുദ്ധ നിയമവും മുൻ ഐപിസിയിലെ വ്യവസ്ഥകളും പ്രകാരം കേസെടുത്തിരുന്നു. അതേസമയം, 2020 ലെ ദില്ലി കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാൻ ദില്ലി ഹൈക്കോടതി ചൊവ്വാഴ്ച പോലീസിനോട് നിർദ്ദേശിച്ചു. 

2020 ഫെബ്രുവരിയിലെ അക്രമവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ വിവേക് ​​ചൗധരിയും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് നിർദ്ദേശം നൽകിയത്. വിദ്വേഷ പ്രസംഗങ്ങൾ ആരോപിച്ച് നിരവധി രാഷ്ട്രീയ നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും ഇതിൽ ഉൾപ്പെടുന്നു.