ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യമർപ്പിച്ച്, അലിഗഢിന് പുറത്തെ ബാബ് - എ - സയ്യിദ് ഗേറ്റിന് സമീപത്ത് പ്രതിഷേധിക്കുകയായിരുന്നു വിദ്യാർത്ഥികൾ. 

അലിഗഢ്: ജാമിയ മിലിയ സ‍ർവകലാശാലയ്ക്ക് പുറമേ, അലിഗഢ് സർവകലാശാലയിലും വൻ സംഘർഷം. സർവകലാശാലയ്ക്ക് പുറത്തുള്ള ബാബ് - എ - സയ്യിദ് ഗേറ്റിന് സമീപത്ത് വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. വിദ്യാർത്ഥികൾ തിരികെ കല്ലെറിഞ്ഞെന്നാണ് പൊലീസ് ആരോപിക്കുന്നത്.

സംഘർഷത്തെത്തുടർന്ന് സർവകലാശാല അടുത്ത മാസം അഞ്ചാം തീയതി വരെ അടച്ചിട്ടു. 

Scroll to load tweet…

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ജാമിയ മിലിയ സർവകലാശാലയിൽ വൻ സംഘർഷത്തിലേക്ക് വഴി മാറിയിരുന്നു. അ‍ഞ്ച് ബസ്സുകൾ കത്തിക്കപ്പെട്ടു. ഒരു ബസ്സ് തകർത്തു. അഗ്നിശമനസേനയുടേതടക്കം ആറ് വാഹനങ്ങളും തീ വച്ചു. പൊലീസും വിദ്യാർത്ഥികളും തമ്മിൽ വൻ സംഘർഷവും ഏറ്റുമുട്ടലുമാണ് നടന്നത്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൂന്ന് അഗ്നിശമനസേനാംഗങ്ങൾക്കും പരിക്കേറ്റു. പൊലീസ് സർവകലാശാലയ്ക്ക് അകത്തേക്ക് വെടിവച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. ദൃശ്യങ്ങളും പുറത്തുവിട്ടു. 

ജാമിയ മിലിയ സർവകലാശാലയുടെ അകത്ത് അനുവാദമില്ലാതെയാണ് പൊലീസ് കയറിയതെന്നും ലൈബ്രറിയുടെ അകത്ത് അടക്കം കയറി കണ്ണീർ വാതകം പ്രയോഗിച്ചെന്നും സർവകലാശാലാ ചീഫ് പ്രോക്ടർ ആരോപിച്ചു. പൊലീസ് അതിക്രമം അപലപനീയമാണെന്ന് സർവകലാശാല വിസിയും ആരോപിച്ചു.

ജാമിയ മിലിയക്ക് പിന്തുണയുമായാണ് അലിഗഢിലും വിദ്യാർത്ഥികൾ പ്രതിഷേധവുമായി ഇറങ്ങിയത്. ഇതിനിടെയാണ് പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരിക്കുന്നത്.