ആഗ്ര എക്സ്പ്രസ്‌വേയിലൂടെ പോകവേയാണ് ബൈക്കിൽനിന്നും തീ വരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്.
ആഗ്ര: ഓടികൊണ്ടിരുന്ന ബൈക്കിൽ തീപിടിച്ചുണ്ടായ അപകടത്തിൽ നിന്നും സമയോചിതമായ ഇടപെടലിലൂടെ പൊലീസ് രക്ഷിച്ചത് മൂന്ന് ജീവനുകൾ. ആഗ്ര എക്സ്പ്രസ്‌വേയിലാണ് സംഭവം. മൊബൈൽ പൊലീസ് കൺട്രോൾ റൂം (PCR) വാൻ ഉദ്യോഗസ്ഥരാണ് പിഞ്ചു കുഞ്ഞടക്കം മൂന്നുപേരെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ആഗ്ര എക്സ്പ്രസ്‌വേയിലൂടെ പോകവേയാണ് ബൈക്കിൽനിന്നും തീ വരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. ഇതോടെ പൊലീസ് ബൈക്കിനെ പിന്തുടർന്നു. ബൈക്കിൽ തീ പിടിച്ച വിവരം ബൈക്ക് യാത്രികർ അറിഞ്ഞിരുന്നില്ല. തുടർന്ന് പിന്തുടർന്നെത്തിയ പൊലീസ് ബൈക്ക് നിർത്തിക്കുകയും ബൈക്കിൽനിന്നും എല്ലാവരെയും മാറ്റിയശേഷം തീ അണക്കുകയും ചെയ്തു.
വലിയൊരു ദുരന്തം ഒഴിവാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് ഡിജിപി അഭിനന്ദിച്ചു. ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
