ദില്ലി: കൊറോണ വൈറസ് ബാധയ്ക്ക് എതിരെ കനത്ത ജാഗ്രത തുടരുമെന്നും, ഇതുവരെ മുപ്പതിനായിരത്തോളം യാത്രക്കാരെ വിവിധ വിമാനത്താവളങ്ങളിലായി പരിശോധിച്ചതിൽ ഒരാൾക്കും ആശങ്കയുണ്ടാക്കുന്ന തരത്തിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

137 ഫ്ലൈറ്റുകളിലെ 29, 707 യാത്രക്കാരെയാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി പ്രത്യേക തെർമൽ സ്കാനിന് വിധേയരാക്കിയത്. സ്കാനിന് ശേഷം മാത്രമാണ് ഇവരെ അകത്തേയ്ക്ക് കയറാൻ അനുവദിച്ചത്. ആരോഗ്യപ്രവർത്തകരെ പ്രത്യേകം ഓരോ വിമാനത്താവളത്തിലും നിയോഗിച്ചിരുന്നു. ചൈനയിൽ നിന്ന് വരുന്നവരെ പ്രത്യേകിച്ചും, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നിങ്ങനെ രോഗബാധ കണ്ടെത്തിയ മറ്റ് പല രാജ്യങ്ങളിൽ നിന്ന് എത്തിയവരെയും പ്രത്യേകം പരിശോധിച്ചു. ഇന്ന് മാത്രം 22 ഫ്ലൈറ്റുകളിലായി എത്തിയ 4,359 പേരെയാണ് പരിശോധിച്ചത്. ഇതുവരെ ആശങ്കപ്പെടുത്തുന്ന നിലയിൽ ആരെയും രോഗലക്ഷണങ്ങളോടെ കണ്ടെത്തിയിട്ടില്ല. വൈറസിനെതിരെ കനത്ത ജാഗ്രത തുടരും - കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

അതിനിടെ, മുംബൈയിൽ രണ്ട് പേരെയും കൊച്ചിയിൽ ഒരാളെയും കൊറോണ വൈറസ് ലക്ഷണങ്ങളുമായി ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലിന്‍റെയും ജാഗ്രതയുടെയും ഭാഗമായിട്ടാണ് ഇതെന്നും ആരോഗ്യവകുപ്പ് അധികൃതർ തന്നെ വ്യക്തമാക്കുന്നു.

ചൈനയിലെ ഒരു ഇന്ത്യൻ പൗരനും രോഗബാധയില്ല - വിദേശകാര്യമന്ത്രാലയം

ഇതുവരെ ചൈനയിലെ ഒരു ഇന്ത്യക്കാരനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടോ രോഗലക്ഷണങ്ങൾ ഉണ്ടായിട്ടോ ഇല്ലെന്ന് വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു. രാജ്യത്തെ എല്ലാ ഇന്ത്യൻ പൗരൻമാരുമായും ബീജിംഗിലുള്ള ഇന്ത്യൻ എംബസി ബന്ധം പുലർത്തി വരുന്നുണ്ട്. വുഹാനിലെയും ഹുബെയ് പ്രവിശ്യയിലെയും വിദ്യാർത്ഥികളടക്കമുള്ളവരുമായി നിരന്തരം സംസാരിക്കുന്നുണ്ട് - എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കർ നേരിട്ട് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാർ വ്യക്തമാക്കി. ചൈനയിലുള്ള ഇന്ത്യക്കാർക്കെല്ലാം സുരക്ഷിതമായ ഭക്ഷണവും വെള്ളവും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ചൈനയിലെ ഇന്ത്യൻ എംബസിയിൽ കൊറോണ ബാധയ്ക്കായി മാത്രം മൂന്ന് ഹെൽപ് ലൈനുകൾ തുറന്നിട്ടുണ്ട്. രോഗബാധ സംബന്ധിച്ചുള്ള എന്ത് വിവരങ്ങൾക്കും സഹായത്തിനും ഈ നമ്പറുമായി ഇന്ത്യക്കാർക്ക് ബന്ധപ്പെടാം. ഹുബെയ് പ്രവിശ്യയിൽ നിന്ന് തിരികെ സുരക്ഷിതമായി നാട്ടിലേക്ക് പോകണമെങ്കിൽ അതിനും എംബസി സഹായം നൽകും. 

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 56 ആയി. ഇതുവരെ വൈറസ് ബാധിച്ചത് 2008 പേർക്കാണ്. അതിൽ 23 പേർ വിദേശപൗരൻമാരുമാണ്. 

കൊറോണ വൈറസ് എന്ന ന്യുമോണിയ രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് മധ്യചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ള വുഹാൻ നഗരത്തിലാണ്. 2019 ഡിസംബറിലാണ് ആദ്യരോഗബാധ സ്ഥിരീകരിച്ചത്. 11 മില്യൺ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ നഗരം പൂർണമായി അടച്ചിരിക്കുകയാണ് സർക്കാർ. ഇവിടെ നിന്ന് ആർക്കും പുറത്തുപോകാനോ നഗരത്തിലേക്ക് വരാനോ ആകില്ല. രോഗം പടർന്ന് പിടിക്കുന്നത് തടയാനാണിത്. വുഹാന് പുറമേ, രോഗബാധ സ്ഥിരീകരിച്ച മറ്റ് 12 നഗരങ്ങളും ചൈനീസ് സർക്കാർ അടച്ചിട്ടിട്ടുണ്ട്. ദ്രുതഗതിയിൽ കൊറോണ രോഗബാധിതകർക്ക് മാത്രം വേണ്ടി ഒരു ആശുപത്രി പണിയുകയാണ് ചൈനീസ് സർക്കാർ. ദിവസങ്ങൾക്കകം ഇതിന്‍റെ പണി പൂർത്തിയാകുമെന്നും പ്രവർത്തനക്ഷമമാകുമെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.