ലോക്ക്ഡൗണ്‍ ഇല്ലെങ്കില്‍ കേസുകളുടെ എണ്ണം 41 ശതമാനം വര്‍ധിക്കുമായിരുന്നു. ഏപ്രില്‍ 11ന് 2.08 ലക്ഷമായിരിക്കും രോഗ ബാധിതര്‍.
ദില്ലി: 21 ദിവസത്തെ ലോക്ക്ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കാരിക്കെ രണ്ട് ആഴ്ച കൂടി നീട്ടാനൊരുങ്ങുകയാണ് കേന്ദ്രം. രാജ്യത്ത് കൊവിഡ് വ്യാപനം തടയാനാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ രാജ്യത്തെ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനായെന്നാണ് അനാലിസിസ് വ്യക്തമാക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടില്ലായിരുന്നെങ്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയേനെയെന്ന് അനാലിസിസ് വ്യക്തമാക്കുന്നു.
ലോക്ക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഏപ്രില്‍ 15ഓടെ രാജ്യത്ത് 8.2 ലക്ഷം ആളുകള്‍ക്ക് കൊവിഡ് ബാധിക്കുമെന്നാണ് നിഗമനം. സ്റ്റാറ്റിക്കല്‍ ഗ്രോത്ത് ബെയ്‌സ്ഡ് അനാലിസിസ് അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്രം കണക്ക് തയ്യാറാക്കിയത്. നേരത്തെ ഐസിഎംആര്‍ റിപ്പോര്‍ട്ട് കേന്ദ്രം തള്ളിയിരുന്നു. അതേസമയം, ലോക്ക്ഡൗണ്‍ ഇല്ലെങ്കില്‍ രോഗബാധിതരുടെ എണ്ണം 8.2 ലക്ഷമായി വര്‍ധിക്കുമെന്നത് റിപ്പോര്‍ട്ടോ പഠനമോ അല്ലെന്നും അനാലിസിസ് മാത്രമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആരോഗ്യവിഭാഗം ജോയിന്റ് ഹെല്‍ത്ത് സെക്രട്ടറി ലാവ് അഗര്‍വാളാണ് അനാലിസിസ് വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ലോക്ക്ഡൗണ്‍ ഇല്ലെങ്കില്‍ കേസുകളുടെ എണ്ണം 41 ശതമാനം വര്‍ധിക്കുമായിരുന്നു. ഏപ്രില്‍ 11ന് 2.08 ലക്ഷമായിരിക്കും രോഗ ബാധിതര്‍. എന്നാല്‍ ഏപ്രില്‍ 15 ആകുമ്പോഴേക്ക് മൂന്നിരട്ടി വര്‍ധിച്ച് എട്ട് ലക്ഷം കവിയുമെന്നും കേന്ദ്രം പറയുന്നു. നിലവില്‍ യൂറോപ്പ്, യുഎസ്എ എന്നിവിടങ്ങളിലേത് പോലെ കേസുകളുടെ എണ്ണത്തില്‍ ത്വരിത വര്‍ധന ഇന്ത്യയിലില്ല. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 8000 കടന്നു. മരണസംഖ്യ 273 ആയി. മാര്‍ച്ച് 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

