മുംബൈ: മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യപ്രവർത്തകർ കടുത്ത ആശങ്കയിലാണ്. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈ സെൻട്രലിലെ 23000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നു.

എല്ലാദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവടെ എത്തുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. നിലീക്ഷണത്തിലുള്ളവർക്ക് ജോലിക്ക് പോവുന്നതിന് വിലക്കുണ്ട്. കുടിലുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് ക‍ർശനമായി പറഞ്ഞിട്ടുണ്ട്. വീട്ടുജോലിക്ക് പോയി കുടുംബം നോക്കിയ 69കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ആയിരങ്ങൾ തിങ്ങി നിറഞ്ഞ മുംബൈ സെൻട്രലിലെ ചേരിയിലെ അവസ്ഥ ഇങ്ങനെയായത്. അമേരിക്കയിൽ നിന്നെത്തിയ 49കാരന്‍റെ വീട്ടിൽ ജോലിലാണ് ഇവർ ജോലിക്ക് നിന്നിരുന്നത്. അയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ വീട്ടുജോലിക്കാരിയെയും പരിശോധിക്കുകയും രോ​ഗം സ്ഥിരീകരിക്കുകയുമായിരുന്നു. 

ഒറ്റമുറിക്കുടിലുകളിൽ അടുത്തിടപഴകി കഴിയുന്നവരാണ് ചേരി നിവാസികൾ. സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തിൽ പടരാൻ ഇടമുള്ള സ്ഥലവുമാണിത്. മുംബൈയിൽ പലമേഖലകളിലായി നിരവധി ചേരികളാണുള്ളത്. ഇത് മുന്നിൽ കണ്ടാണ് മുംബൈ സെൻട്രലിലെ ചേരിയിൽ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 23000 പേരെയും നിരീക്ഷണത്തിലാക്കിയത്. പലർക്കും രേഖകളൊന്നും ഇല്ലാത്തതും പരിശോധനകളോട് സഹകരിക്കാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് ഒട്ടാകെ നിരീക്ഷത്തിൽ കഴിയാതെ മുങ്ങിയതിന് 500ലേറെ കേസുകൾ രജസിറ്റർ ചെയ്തതായി ആഭ്യന്തര വകുപ്പും അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക