ദില്ലി: യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകള്‍ താൽകാലികമായി നിർത്തി. നാളെ അർധരാത്രി മുതലാണ് നിയന്ത്രണം. ഡിസംബർ 31 ന് വരെയാണ് സര്‍വ്വീസുകള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. യുകെ വഴിയുള്ള ട്രാൻസിറ്റ് വിമാനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. പുതിയ കൊവിഡ് സാഹചര്യത്തിലാണ് തീരുമാനം. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ നിർബന്ധമായി വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധനക്ക് വിധേയമാകണമെന്ന് നിര്‍ദ്ദേശമുണ്ട്. 

Also Read: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ബ്രിട്ടണ്‍

ബ്രിട്ടനില്‍ കണ്ടെത്തിയ കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. എല്ലാ വിദേശ വിമാന സര്‍വീസുകളും റദ്ദാക്കി. കടല്‍മാര്‍ഗവും കരമാര്‍ഗവും രാജ്യത്തേക്ക് യാത്രക്കാരുടെ പ്രവേശനവും വിലക്കിയിട്ടുണ്ട്‌. കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ആവശ്യമെങ്കില്‍ യാത്രാനിരോധനം തുടരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ സൗദിയിലുളള വിമാനങ്ങള്‍ക്ക് നിരോധനം ബാധകമാവില്ല. ഈ വിമാനങ്ങള്‍ക്ക് മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.