ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 87,73,479 ആയി ഉയര്‍ന്നു. 44684 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. ഇന്നലെ 520 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,29,188 ആയി ഉയര്‍ന്നു. ദില്ലിയിൽ കൊവിഡ് സാഹചര്യം ഗുരുതരമാകുകയാണ്. പത്തുദിവസത്തിനിടെ 728 പേരാണ് ദില്ലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിനം ശരാശരി 70 പേർ ദില്ലിയിൽ മരിക്കുന്നു. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.8 ശതമാനമായിരുന്നു. രോഗവ്യാപനതേത് ഉയരുന്നതും ദില്ലിയില്‍ ആശങ്കയേറ്റുന്നു.

ദില്ലി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് മരണ നിരക്ക് ഉയരുകയാണ്. വായു ഗുണനിലവാരം അതീവഗുരുതരാവസ്ഥയില്‍ തുടരുന്ന ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലും ശൈത്യമാരംഭിച്ചതോടെ കൊവിഡ് മരണ നിരക്ക് ഉയരുകയാണ്. പത്ത് ദിവസത്തിനിടെ ദില്ലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 728 പേരാണ്. ശരാശരി എഴുപത് പേര്‍ വീതം ദിവസവും മരിച്ചു എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗ വ്യാപന നിരക്കും കുത്തനെ കൂടുകയാണ്. 13.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ആശുപത്രികള്‍ ഏതാണ്ട്  നിറഞ്ഞു കഴിഞ്ഞു. വെന്‍റിലേറ്റര്‍ പിന്തുണയുള്ള 179 കിടക്കകള്‍ മാത്രമാണ് ദില്ലിയില്‍ ഇനി ഒഴിവുള്ളത്. വെന്‍റിലേറ്ററില്ലാത്ത 321 കിടക്കകളാണ് അവശേഷിക്കുന്നത്.

പത്ത് ദിവസത്തിനകം രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് ദില്ലി സര്‍ക്കാര്‍ പ്രത്യാശ പ്രകടിപ്പിക്കുമ്പോഴും പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടികളില്ല. അതിനിടെ ദില്ലിക്കൊപ്പം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് വെല്ലുവിളിയായി അയല്‍ സംസ്ഥാനങ്ങളിലും മരണ സംഖ്യ കൂടുകയാണ്. ഹരിയാനയില്‍ അറുപത് ശതമാനവും ഹിമാചല്‍ പ്രദേശില്‍ അമ്പത് ശതമാനവുമാണ് മരണ നിരക്ക് ഉയര്‍ന്നത്.

നിലവില്‍ 4,80,719 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ 47,992 പേര്‍ രോഗ മുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 81,63,572. രാജ്യത്ത് ഇന്നലെ പത്തുലക്ഷത്തില്‍ താഴെ സാംപിളുകളാണ് പരിശോധിച്ചത്. 9,29,491 സാപിളുകളാണ് ഇന്നലെ പരിശോധിച്ചത്. ദില്ലിയിലാണ് രാജ്യത്തേറ്റവും കൂടുതല്‍ പ്രതിദിന രോഗ ബാധ. ഇന്നലെ 7802 പേര്‍ക്ക് പുതിയതായി രോഗം ബോധിച്ചു. മഹാരാഷ്ട്രയില്‍ 4,132, പശ്ചിമ ബംഗാള്‍ 3,835, രാജസ്ഥാന്‍ 2144, കര്‍ണാടക 2016, ആന്ധ്ര 1593, എന്നിങ്ങനെയാണ് പ്രധാന സംസ്ഥാനങ്ങളിലെ പ്രതിദിന രോഗ ബാധ.