മുംബൈ: കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് മുബൈയിൽ രണ്ടുപേർ നിരീക്ഷണത്തിൽ. ചൈനയിൽ നിന്നെത്തിയവരെയാണ് രോഗലക്ഷണം സംബന്ധിച്ച സംശയത്തെത്തുടർന്ന് മുംബൈയിലെ കസ്തൂർബ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രത്യേകം തയ്യാറാക്കിയ ഒറ്റപ്പെട്ട വാർഡിലാണ് ഇരുവരേയും പരിശോധനയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.

മുംബൈ വിമാനത്താവളത്തിലെ പരിശോധനയ്ക്കിടയിൽ യുവാക്കൾക്ക് ചെറിയതോതിലുള്ള ചുമയും കഫക്കെട്ടും പിടിപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഇരുവരേയും പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാക്കൾ നിരീക്ഷണത്തിലാണെന്നും പരിശോധനകൾക്ക് ശേഷം മാത്രമെ എന്തെങ്കിലും പറയാനുകുകയുള്ളൂവെന്നും മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഹെൽത്ത് ഓഫീസർ ഡോ. പദ്മജ കേസ്‌കർ പറഞ്ഞു.

Read More: കൊറോണ രോഗലക്ഷണങ്ങളുമായി ചൈനയിൽ നിന്ന് എത്തിയ ഒരാൾ കളമശ്ശേരിയിൽ ചികിത്സയിൽ

ചൈനയിൽ നിന്നെത്തുന്നവരെ വിദ​ഗ്ധ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ടെന്നും പദ്മജ വ്യക്തമാക്കി. ചൈനയിൽനിന്നും വന്നിറങ്ങുന്ന യാത്രക്കാരിൽ കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഉടൻ ആശുപത്രിയിലെ ഒറ്റപ്പെട്ട വാർഡിൽ പ്രവേശിപ്പിക്കണമെന്ന് മുംബൈ കോർപ്പറേഷൻ മുംബൈ വിമാനത്താവളം അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നിരിക്കുകയാണ്. രാജ്യത്ത് 259 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 830 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. വുഹാനിൽ പുറത്തുവന്ന 1,072 വൈറസ് കേസുകളും അധികൃതർ പരിശോധിക്കുന്നുണ്ടെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിൽ 177 പേർ ഗുരുതരാവസ്ഥയിലാണ്. സുഖം പ്രാപിച്ച 34 പേർ ആശുപത്രിവിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Read More: കൊറോണ വൈറസ്; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍

ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലിറങ്ങിയ 12000ഓളം യാത്രക്കാരെയാണ് ബുധനാഴ്ച മുതൽ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയത്. മുംബൈ, ദില്ലി, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ എത്തിയ യാത്രക്കാരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ ചെൈനയിലെ വുഹാൻ അടക്കം 13 ന​ഗരങ്ങൾ‌ സർക്കാർ അടച്ചിട്ടു. പൊതു​ഗതാ​ഗത സംവിധാനങ്ങൾ നിർത്തിവയ്ക്കുകയും തിയേറ്ററുകളും കരോക്കെ ബാറുകളും അടച്ചുപൂട്ടുകയും ചെയ്തു. ഇന്നാണ് ചൈനയിലെ പുതുവത്സരദിനം. കൊറോണ വൈറസ് ലോകത്താകമാനം പടർന്നുപ്പിടിച്ചതോടെ ചൈനയിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി.

Read More: കൊറോണവൈറസ്: നിരവധി മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ ചൈനയിൽ കുടുങ്ങി, ഭക്ഷണം കിട്ടുന്നില്ല

ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി തെരഞ്ഞെടുക്കുന്ന വിദേശരാജ്യങ്ങളിൽ മുൻപന്തിയിൽനിൽക്കുന്ന രാജ്യമാണ് ചൈന. വുഹാനിലെ ചൈനീസ് സർവകലാശാലകളാണ് ഇതിൽതന്നെ വിദ്യാർഥികൾ തെരഞ്ഞെടുക്കാറുള്ളത്. ചൈനയിൽ പുതുരവത്സരദിനാഘോഷ അവധിക്ക് നിരവധി വിദ്യാർഥികളാണ് രാജ്യത്തേക്ക് മടങ്ങിയെത്തുക. ചിലർ അവിടെതന്നെ അവധിദിവസം ചെലവിടാറാണ് പതിവ്.