കോട്ടയം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ അറിയിച്ചു. 

അതേസമയം, കൊറോണ വൈറസ് പടരുന്ന വുഹാനില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കോഴ്സ് പൂര്‍ത്തിയാക്കി ഇന്‍റേണ്‍ഷിപ്പിനായി സര്‍വ്വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. നേരത്തെ ചില വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടര്‍ന്നതോടെ ബാക്കിയുള്ളവര്‍ക്ക് സര്‍വ്വകലാശാല നിയന്ത്രണം കൊണ്ടുവന്നു. 20 മലയാളികളടക്കം 56 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടെയുള്ളത്. 

Read Also: കൊറോണ വൈറസ് പടരുന്ന ചൈനീസ് നഗരത്തില്‍ 20 മലയാളികള്‍ കുടുങ്ങി കിടക്കുന്നു

വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥര്‍ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് എംബസി വ്യക്തമാക്കി. 

Read Also: കൊറോണ വൈറസ്; ചൈനയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെട്ട് എംബസി

അതിനിടെ, സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയില്‍ പടരുന്ന കൊറോണ വൈറസല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. 2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായ കൊറോണ വൈറസാണ് ഇതെന്നാണ് വിവരം. ചികിത്സയിലുളള യുവതിയുടെ നില മെച്ചപ്പെട്ടുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

Read Also: സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിൽ പടരുന്ന കൊറോണ വൈറസല്ല