മിഡ്നാപൂർ: ഏഴു വർഷത്തെ പ്രണയത്തിന് ഒടുവിൽ ചൈനീസ് യുവതിക്കും ഇന്ത്യൻ യുവാവിനും മംഗല്യസാക്ഷാത്കാരം. ചൈനയിൽനിന്നുള്ള ജിയാക്കിയും ബം​ഗാൾ സ്വദേശി പിന്തുവുമാണ് നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായത്. ബുധനാഴ്ച ബം​ഗാളിലെ ഈസ്റ്റ് മിഡ്നാപൂരിൽ വച്ചായിരുന്നു വിവാഹം. കൊറോണ വൈറസ് ബാധയെ തുർന്ന് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനാൽ ജിയാക്കിയുടെ ബന്ധുക്കൾ‌ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

ചൈനയിൽ നടന്ന ബിസിനസ് മീറ്റിങ്ങിനിടെയായിരുന്നു ജിയാക്കിയും പിന്തുവും പരിചയത്തിലാകുന്നത്. പിന്നീട് ആ പരിചയം സൗഹൃദമാകുകയും അത് വളർന്ന് പ്രണയമാകുകയുമായിരുന്നു. കുടുംബത്തിന്റെ അസാന്നിധ്യത്തിലാണ് വിവാഹമെങ്കിലും അച്ഛനും അമ്മയുമൊക്കെ വളരെ സന്തോഷത്തിലാണെന്ന് ജിയാക്കി പറ‍ഞ്ഞു. ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. അതിനാലാണ് അവർക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത്. പിന്തുവിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നതെന്നും ജിയാക്കി കൂട്ടിച്ചേർത്തു.

Read More: കൊറോണയെയും അതിര്‍ത്തികളെയും മറികടന്ന് ഒരു ചൈനീസ് ഇന്ത്യന്‍ വിവാഹം

ചൈനയിലേക്ക് തിരിച്ച് പോകും. പക്ഷെ കൊറോണ വൈറസ് ഭീതി നിലനിൽക്കുന്നതിനാൽ എപ്പോൾ പോകുമെന്ന് അറിയില്ല. എല്ലാം കെട്ടടങ്ങട്ടെ. അതിനുശേഷം ചൈനയിലേക്ക് പോയി വിവാഹം രജിസ്‌റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ‌ പൂർത്തിയാക്കണമെന്നും ജിയാക്കി പറ‍ഞ്ഞു. ചൈനയിൽ വിവാഹസത്കാരത്തിന് പദ്ധതിയിട്ടുണ്ട്. അവിടെവച്ച് ജിയാക്കിയുടെ ആചാരപ്രകാരം വിവാഹച്ചടങ്ങുകൾ നടത്തണമെന്ന് ആഗ്രഹമുണ്ടെന്നും പിന്തു പറ‍ഞ്ഞു.