ദില്ലി: കൊറോണ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കിയതായി കേന്ദ്രമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇന്ത്യയിൽ മൂന്ന് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഒരു കേസ് ഇപ്പോള്‍ നെഗറ്റീവാണ്. ആദ്യം കൊറോണ റിപ്പോർട്ട് ചെയ്ത കേസിൽ കൊറോണ ബാധിച്ച ആളുമായി ബന്ധപ്പെട്ട 94 പേരെയും രണ്ടാമത്തെ കേസിൽ 162 പേരെയും നിരീക്ഷിച്ചതായും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. 

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും എത്തുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. കൊച്ചി ഉൾപ്പടെ ഏഴ് വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിംഗ് നടത്തുന്നു. ഇത് വരെ 2,51,447 ആളുകളാണ് തെർമൽ സ്ക്രീനിംഗിന് വിധേയരായത്. ജപ്പാൻ കപ്പലിൽ ഉള്ള രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട് പേരെയും ജപ്പാൻ സർക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിവരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ജപ്പാൻ തീരത്ത് പിടിച്ചുവെച്ച ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലെ ഇന്ത്യക്കാർക്ക് വൈറസ് ബാധ സ്ഥരീകരിച്ചിരുന്നു. രണ്ട് ഇന്ത്യക്കാരടക്കം 174 പേർക്കാണ് നിലവിൽ കപ്പലിൽ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇന്ത്യക്കാരായ രണ്ട് പേരും കപ്പൽ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം. യാത്രക്കാരും, ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. വൈറസ് ബാധിതരായവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്ന് ജാപ്പനീസ് അധികൃതർ അറിയിച്ചു. ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പൽ പിടിച്ചിട്ടത്. കപ്പലിൽ സഞ്ചരിച്ച് ഹോങ്കോങ്ങിൽ ഇറങ്ങിയ ആളിൽ വൈറസ് ബാധ കണ്ടെത്തിയതോടെയായിരുന്നു ഈ നടപടി.