സേനാ കേന്ദ്രങ്ങളിലെ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദില്ലി സര്‍ക്കാരിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് ഒരുമാസത്തേക്ക് ഒഴിവാക്കി.

ദില്ലി: കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത കൂട്ടി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 31 പേര്‍ക്കാണിതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ വീഡിയോ കോൺഫറൻസിംഗ് വഴി വിലയിരുത്തി. 

കരസേന 1500 പേര്‍ക്കുള്ള കരുതല്‍ കേന്ദ്രങ്ങള്‍ തുറന്നു. സൈനികരും സൈനിക കേന്ദ്രങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണം. സേനാ കേന്ദ്രങ്ങളിലെ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദില്ലി സര്‍ക്കാരിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് ഒരു മാസത്തേക്ക് ഒഴിവാക്കി. അടിയന്തിര മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും നിര്‍ദ്ദേശം നല്‍കി.

Also Read: കൊവിഡ് ഭീതി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഈ ഒരു മാസം പഞ്ചിംഗ് വേണ്ട, ഉത്തരവിറങ്ങി

അതേസമയം, ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് 19 മരണങ്ങൾ കൂടുകയാണ്. ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേരാണ് കൊവിഡ് രോഗബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിൽ ഒരാഴ്ചയ്ക്കിടെ 4600 പേർക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ചൈനയ്ക്ക് പുറത്ത് എറ്റവുമധികം കൊവിഡ് 19 മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി. ചൈനയിൽ മാത്രം 3015 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.