ദില്ലി: എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനോഘോഷത്തിനൊരുങ്ങി രാജ്യം.  നാളെ രാവിലെ ഏഴരയ്ക്ക് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും.  കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍. അതിഥികളുടെ എണ്ണം 200 ആയി കുറച്ചിട്ടുണ്ട്.  കനത്ത മഴയ്ക്കിടെയാണ് രാജ്യ തലസ്ഥാനം  സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തയാറെടുക്കുന്നത്. ഇന്നലെ ചെങ്കോട്ടയില്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായ ഡ്രസ് റിഹേഴ്സല്‍ നടന്നു. 

3500 സ്കൂള്‍ കുട്ടികള്‍ക്കു പകരമുണ്ടാവുക എന്‍സിസി കേഡറ്റുകള്‍. ചടങ്ങില്‍ പങ്കെടുക്കുന്ന സേനാംഗങ്ങളുടെ കൊവിഡ് പരിശോധന നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇവരെ പ്രത്യേക ക്യാമ്പിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ച് നാലു നിരകളായാവും ചടങ്ങിനെത്തുന്നവർ ഇരിക്കുക. ഡോക്ടർമാരും, നേഴ്സുമാരും ശുചീകരണതൊഴിലാളികളും ഉൾപ്പെടുന്ന കൊവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിട്ടുണ്ട്.  

രാഷ്ട്രപതിയുടെ വിരുന്നിലും അതിഥികളുടെ എണ്ണം പത്തിലൊന്നായി കുറച്ചു. സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന മേഖലയിലെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ദില്ലി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.  

ചെങ്കോട്ടയിലെ ഒരുക്കങ്ങളെ കുറിച്ച് പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോർട്ട്

"