ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം മാർച്ച് 22 ന് ഏർപ്പെടുത്തുന്ന ജനത കർഫ്യൂവിൽ രാജ്യം നിശ്ചലമാകും. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുമണിവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തിലാണ് നാളത്തെ ജനതാ കർഫ്യൂ. ജനതാ കർഫ്യൂവിനോട് പൂർണമായി സഹകരിക്കുമെന്ന് എല്ലാ സംസ്ഥാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. 

രാജ്യത്തെ പൊതു ​ഗതാ​ഗത സംവിധാനങ്ങളെല്ലാം നാളെ നിർത്തി വയ്ക്കും. സ്വകാര്യ ബസുകളും, ഓട്ടോ, ടാക്സികളും ഒന്നും നിരത്തിലിറങ്ങില്ല. ഹോട്ടലുകളും പെട്രോൾ പമ്പുകളും കട, കമ്പോളങ്ങളും അടഞ്ഞു കിടക്കും. അതുപോലെ 3700ഓളം ട്രെയിൻ സർവീസുകൾ റെയിൽവേ റ​ദ്ദാക്കിയിട്ടുണ്ട്. എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകളൊന്നും ഓടില്ല. ഇന്ന് അർധ രാത്രി മുതൽ നാളെ രാത്രി പത്ത് മണി വരെ പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകളൊന്നും സർവീസ് നടത്തില്ല. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ സർവീസ് തടസപ്പെടില്ല.

നാളെ രാവിലെ ഏഴ് മണി മുതൽ രാത്രി ഒൻപത് മണി വരെ ജനങ്ങളാരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്നാണ് നിർദ്ദേശം ജോലിയാണെങ്കിലും പരമാവധി വീട്ടില്‍ത്തന്നെയിരുന്നു ചെയ്യാന്‍ ശ്രമിക്കണമെന്നാണ് നിർദ്ദേശം. കര്‍ഫ്യൂവിനോട്  പൂര്‍ണമായി സഹകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരുകൾ വ്യകതമാക്കിയിട്ടുണ്ട്. യാത്രകൾ ഒഴിവാക്കാനും കോവിഡ്–19നെ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങൾ പാലിക്കാനും പൊതുജനങ്ങളെ പ്രേരിപ്പിക്കാനാണ് സർവീസ് നിർത്തിവയ്ക്കുന്നതെന്ന് ഡിഎംആർസി അധികൃതർ വ്യക്തമാക്കി.

ജനത കർഫ്യൂവിൽ ഓരോ പൗരനിൽ നിന്നും പിന്തുണ അഭ്യർത്ഥിക്കുന്നു എന്ന് മോദി പറഞ്ഞു. അതുപോലെ റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും മാറി നിൽക്കാൻ പൗരൻമാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.