സംഭവത്തിന് ഒരു ദിവസം മുൻപ് ഇരുവരും തർക്കിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ജീവനൊടുക്കിയതാണോ അതോ കൊലപാതകമാണോയെന്ന് അന്വേഷണം.
ജയ്പൂർ: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപ് ഇരുവരും തർക്കിക്കുന്നതിന്‍റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഇരുവരും ജീവനൊടുക്കിയതാണോ അതോ കൊലപാതകമാണോയെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ജയ്പൂരിലെ മുഹാനയിലാണ് സംഭവം.
ബാങ്കിൽ സെയിൽസ് മാനേജരായ ധർമേന്ദ്ര ജോലിക്ക് എത്തിയില്ലെന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ബന്ധു ഫ്ലാറ്റിൽ എത്തിയത്. വാതിൽ തുറന്നപ്പോൾ ധർമേന്ദ്രയെയും ഭാര്യ സുമനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഫ്ലാറ്റിലെ പാർക്കിംഗ് ഏരിയയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യാഴാഴ്ച ദമ്പതികൾ വഴക്കിടുന്നത് കണ്ടതായി പൊലീസ് പറഞ്ഞു. കാറോടിച്ച് പോകാൻ ശ്രമിച്ച ധർമേന്ദ്രയെ സുമൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. പിന്നാലെ ധർമേന്ദ്ര കാർ നിർത്തി സംസാരിച്ചു. ഭർത്താവ് ഭാര്യയുടെ തോളിൽ കയ്യിട്ട് നടന്നുപോകുന്നതും കാണാം. അതേദിവസം വൈകുന്നേരമുള്ള സിസിടിവി ദൃശ്യത്തിൽ ദമ്പതികൾ ഒരുമിച്ച് ഫ്ലാറ്റിലേക്ക് പോകുന്നത് കാണാം. സുമന്‍റെ കയ്യിൽ ഒരു ബാഗുണ്ടായിരുന്നു.
ദമ്പതികൾ അടുത്തിടെയാണ് ഫ്ലാറ്റ് വാങ്ങിയതെന്നും സാമ്പത്തിക പ്രശ്നമൊന്നും ഉള്ളതായി അറിയില്ലെന്നും അയൽക്കാർ പറഞ്ഞു. 11-ഉം 8-ഉം വയസ്സുള്ള രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. അവർ അവധിക്കാലമായതിനാൽ ഭരത്പൂരിൽ മുത്തച്ഛനും മുത്തിശ്ശിക്കുമൊപ്പമാണ് ഉണ്ടായിരുന്നത്. ദമ്പതികൾക്കിടയിൽ എന്തെങ്കിലും പ്രശ്നമുള്ളതായി അറിവില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
സുമന്‍റെ ശരീരത്തിൽ മുറിവുകളുണ്ടെന്നും അതിനാൽ കൊലപാതകമാണോയെന്ന് അന്വേഷിക്കണമെന്നും പിതാവ് അജയ് സിംഗ് ആവശ്യപ്പെട്ടു. ഇരുവർക്കുമിടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുമന്‍റെ കുടുംബം പറഞ്ഞു. അതേസമയം ദമ്പതികൾ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അന്വേഷണത്തിനിടെ കൊലപാതകമാണെന്ന് സംശയം തോന്നിയാൽ ആ വഴിക്കും അന്വേഷിക്കുമെന്ന് പൊലീസ് ഓഫീസർ ഗുർ ഭൂപേന്ദ്ര പറഞ്ഞു.
ബലപ്രയോഗത്തിലൂടെ മുറിയിൽ പ്രവേശിച്ചതിന്‍റെ സൂചനകളോ ഫ്ലാറ്റിൽ നിന്ന് എന്തെങ്കിലും മോഷ്ടിക്കപ്പെട്ടതിന്‍റെ ലക്ഷണങ്ങളോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ദമ്പതികളുടെ മൊബൈൽ ഫോണുകൾ ഫൊറൻസിക് ലാബിലേക്ക് അയച്ചെന്നും പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
