ഔറംഗബാദ്: വിദേശയാത്ര മറച്ചുവെച്ച ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തായ്‌ലന്‍ഡിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയ ശേഷം യാത്രാവിവരം അധികൃതരെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ജാല്‍ഗാവ് ജില്ലയിലാണ് സംഭവം. വിദേശ യാത്ര ചെയ്ത് തിരിച്ചെത്തിയവര്‍ നിര്‍ബന്ധമായും സ്വയം ഐസൊലേഷനില്‍ കഴിയണമെന്ന് നിര്‍ദേശമുണ്ട്. ദമ്പതികള്‍ നിര്‍ദേശം അനുസരിച്ചില്ല.

സര്‍വേ അംഗങ്ങളാണ് ദമ്പതികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ തായ്‌ലന്‍ഡിലേക്ക് പോയതായി ആദ്യം സമ്മതിച്ചില്ല. പുണെയിലെ മകന്റെ അടുത്ത് പോയെന്നാണ് പറഞ്ഞത്. എന്നാല്‍, വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ തായ്‌ലന്‍ഡിലേക്ക് പോയതായി സമ്മതിച്ചു. ഇവരെ പിന്നീട് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, രക്തസാമ്പിള്‍ പരിശോധനക്കയച്ചു. രാജ്യത്ത് മഹാരാഷ്ട്രയിലാണ് കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 സ്ഥീരികരിച്ചത്. രോഗവ്യാപനം തടയുന്നതിനായി കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.