യമുനാനഗര്‍(ഹരിയാന): ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്ലിം യുവാവിന് സംരക്ഷണമൊരുക്കി ഹരിയാന പൊലീസ്. ഹരിയാനയിലെ യമുനാനഗറില്‍ വിവാഹത്തിന് മുന്നോടിയായി ഹിന്ദു വിശ്വാസം സ്വീകരിച്ച്, പേരുമാറ്റി, ഹിന്ദു ആചാരപ്രകാരം വിവാഹിതനായ യുവാവിനും ഭാര്യക്കുമാണ് പൊലീസ് സംരക്ഷണമൊരുക്കിയത്. പഞ്ചാബ് ഹരിയാന കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പൊലീസ് സംരക്ഷണം നല്‍കിയതെന്നാ എന്‍ഡി ടിവി റിപ്പോര്‍ട്ട്.  

ലവ് ജിഹാദ്  തടയാന്‍ നിയമ നിര്‍മ്മാണം സംബന്ധിച്ച കരട് തയ്യാറാക്കാന്‍ മൂന്നംഗ കമ്മിറ്റിയെ ഹരിയാന സര്‍ക്കാര്‍ നിയോഗിച്ചതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ആഴ്ചയാണ് ലവ് ജിഹാദ് തടയാനുള്ള നിയമ നിര്‍മ്മാണത്തിന്‍റെ കരടിനേക്കുറിച്ച് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. 21 കാരനായ യുവാവാണ് 19കാരിയായ പെണ്‍കുട്ടിയേ നവംബര്‍ 9ന് ഹിന്ദുമതാചാരപ്രകാരം വിവാഹം ചെയ്തത്.  

സ്വകാര്യ ജീവിതവും സ്വാതന്ത്ര്യവും തടസപ്പെടുന്നുവെന്നും ജീവനില്‍ ഭയമുണ്ടെന്നും വിശദമാക്കിയാണ് യുവ ദമ്പതികള്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. ഇവരുടെ വിവാഹത്തിനെതിരായ എതിര്‍പ്പ് ഭരണഘടനയിലെ 21ാം ആര്‍ട്ടിക്കിള്‍ പ്രകാരം അവകാശ ലംഘനമാണെന്നാണ് ദമ്പതികള്‍ കോടതിയില്‍ വാദിച്ചത്.