തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചയിൽ സിപിഎം 10 സീറ്റുകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ 6 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നാണ് ആവശ്യം. സഖ്യകക്ഷികൾ കൂടിയതിനാൽ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടിലാണ് ഡിഎംകെ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡി എം കെ - സി പി എം സീറ്റ് വിഭജന ചർച്ചകളുടെ ആദ്യഘട്ടം പൂർത്തിയായി. ഇത്തവണ രണ്ടക്ക സീറ്റുകൾ വേണമെന്ന ആവശ്യമാണ് സി പി എം മുന്നോട്ടുവെച്ചതെങ്കിലും, സഖ്യത്തിലെ എല്ലാവരും സീറ്റുകൾ കുറയ്ക്കേണ്ടി വരുമെന്ന നിലപാടിലാണ് ഡി എം കെ നേതൃത്വം. കഴിഞ്ഞ തവണ ആറ് സീറ്റുകളിൽ മത്സരിച്ച് രണ്ട് ഇടങ്ങളിൽ വിജയിച്ച സി പി എം, ഇത്തവണ തങ്ങളുടെ സ്വാധീന മേഖലകളിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ സഖ്യകക്ഷികളുടെ എണ്ണം കൂടിയ സാഹചര്യം പരിഗണിച്ച് വിട്ടുവീഴ്ച വേണമെന്നാണ് ഡി എം കെ സ്ക്രീനിംഗ് കമ്മിറ്റി വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ നടക്കുന്ന രണ്ടാം ഘട്ട ചർച്ചകളിൽ സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.
ഒ പനീർശെൽവം ഡി എം കെയിൽ ചേർന്നു
അതിനിടെ തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ കേഡര്‍ റൈറ്റ്‌സ് റിട്രീവല്‍ കഴകം നേതാവുമായ ഒ പനീർസെൽവം ഡി എം കെയിൽ ചേർന്നു. ഒ പി എസും മകനും മുൻ എം പിയുമായ രവീന്ദ്രനാഥും, ഉസിലാംപട്ടി എം എൽ എ അയ്യപ്പനുമാണ് ഡി എം കെയിൽ ചേർന്നത്. എം കെ സ്റ്റാലിൻ മൂവരേയും പാർട്ടിയിലേക്ക് സ്വീകരിച്ചു. എടപ്പാടി കെ പളനിസാമിക്കെതിരായ പോരാട്ടത്തിന് ഡി എം കെയാണ് നല്ലതെന്നാണ് ഒ പി എസ് നിലപാട്. എ ഐ എ ഡിഎംകെയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ 'ധർമയുദ്ധം' തുടങ്ങിയ ഒ പി എസ് ഒടുവിൽ ഡി എം കെ പാളയത്തിലെത്തിയത് സ്റ്റാലിന് വലിയ ആഹ്ളാദമാണ് സമ്മാനിക്കുന്നത്. ജയലളിതയുടെ ചിത്രം വച്ച കാറിലാണ് ഒ പി എസ്, സ്റ്റാലിനെ കാണാനും പാർട്ടി അംഗത്വമെടുക്കാനുമെത്തിയത്. ഏറെ നാളായി പാർട്ടിക്ക് പുറത്താണ് പനീർശെൽവം. എൻ ഡി എ സഖ്യത്തിൽ ചേർന്നെങ്കിലും പിന്നീട് മുന്നണി വിട്ടു. എൻ ഡി എ ഘടകകക്ഷിയായ എ ഐ എ ഡി എം കെ തമിഴ്നാട്ടിൽ ബി ജെ പിയുടെ പാവയായി മാറിയ സാഹചര്യമാണുള്ളതെന്നാണ് ഒ പി എസിന്‍റെ വിമർശനം. ഇക്കാര്യത്താൽ ബി ജെ പി കൈവിട്ടത്തോടെയാണ് ഡി എം കെയിൽ ചേർന്നത്. തേനിക്ക് അപ്പുറം ഒ പി എസ്സിന് സ്വാധീനം ഇല്ലെന്നാണ് മറ്റ് നേതാക്കളുടെ വാദം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം, അണ്ണാ ഡി എം കെയില്‍ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ഒ പി എസ്. എന്നാല്‍ എല്ലാ ശ്രമങ്ങള്‍ക്കും എ ഐ ഡി എം കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി തടയിട്ടു. അങ്ങനെയാണ് ഒടുവിൽ സ്റ്റാലിന്‍റെ പാളയത്തിൽ ഒ പി എസ് എത്തിയത്.


