മെയ് 23നാണ് ചിറാപുഞ്ചിയിൽ വച്ച് ഇരുവരെയും കാണാതായത്. സോനത്തെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ഇൻഡോർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് കുമാർ ത്രിപാഠി

ഭോപ്പാൽ: മേഘാലയയിൽ ഹണിമൂണ്‍ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇൻഡോർ സ്വദേശി രാജാ രഘുവംശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യ സോനത്തിനായുള്ള തെരച്ചിൽ തുടരുകയാണ്. മെയ് 23നാണ് ചിറാപുഞ്ചിയിൽ വച്ച് ഇരുവരെയും കാണാതായത്.

Add Asianetnews as a Preferred SourcegooglePreferred

മൃതദേഹം രാജ രഘുവംശിയുടേതാണെന്ന് സഹോദരൻ വിപിൻ രഘുവംശി തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. സോനത്തെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ഇൻഡോർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് കുമാർ ത്രിപാഠി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 

30കാരനായ രാജ രഘുവംശി വ്യവസായിയാണ്. മെയ് 11 ന് വിവാഹിതരായ രാജവും സോനവും മെയ് 20 നാണ് ഗുവാഹത്തിയിലേക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. മെയ് 23ന് ചിറാപുഞ്ചിയിൽ എത്തിയപ്പോൾ ദമ്പതികൾ വീട്ടിൽ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാവാമെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. പ്രദേശത്തെ ഹോട്ടൽ ജീവനക്കാർക്കും ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവർക്കും പങ്കുണ്ടാവാമെന്ന സംശയവും കുടുംബം പങ്കുവച്ചു. എന്നാൽ എന്താണ് സംഭവിച്ചതെന്ന വ്യക്തമായ സൂചനകൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.

സൊഹ്റ റിമ്മിലെ ഒസാര മലനിരകൾക്ക് സമീപത്തായി ദമ്പതികൾ വാടകയ്ക്ക് എടുത്ത സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ ചെങ്കുത്തായ ഗർത്തങ്ങളും ഘോരവനങ്ങളുമുള്ള പ്രദേശമായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. ദമ്പതികളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കുടുംബം അറിയിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാംഗ്മയുമായി സംസാരിച്ച് ദമ്പതികളെ കണ്ടെത്താനുള്ള നടപടികൾ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം