വിവിധ കേസുകളിൽ പിടിച്ചെടുത്ത തൊണ്ടിമുതലാണ് മോഷ്ടിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

ദില്ലി: തൊണ്ടിമുതലായ സ്വർണവും പണവും മോഷ്ടിച്ച ഹെഡ് കോണ്‍സ്റ്റബിൾ അറസ്റ്റിൽ. 51 ലക്ഷം രൂപയും രണ്ട് പെട്ടി സ്വർണവുമാണ് മോഷ്ടിച്ചത്. ദില്ലി പൊലീസിന്‍റെ സ്പെഷ്യൽ സെൽ ഓഫീസിലാണ് സംഭവം. ഖുർഷിദ് എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് അറസ്റ്റിലായത്. 

വിവിധ കേസുകളിലായി പിടിച്ചെടുത്ത പണവും സ്വർണവുമാണ് പൊലീസുകാരൻ തന്നെ മോഷ്ടിച്ചത്. ദില്ലിയിലെ ലോധി റോഡിലെ ഓഫീസിൽ നിന്നാണ് സ്വർണവും പണവും എടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് അതീവ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന സ്വർണവും പണവുമായി ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് രക്ഷപ്പെട്ടത്. മോഷണം നടന്നത് അധികം താമസിയാതെ മാൽഖാന ഇൻ ചാർജ് സംഭവത്തെക്കുറിച്ച് അറിഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ ഖുർഷിദാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. വൈകാതെ സ്‌പെഷ്യൽ സെൽ സംഘം ഖുർഷിദിനെ അറസ്റ്റ് ചെയ്തു. 

തൊണ്ടിമുതൽ സൂക്ഷിക്കുന്ന സ്റ്റോറേജിന്‍റെ ചുമതല ഒരാഴ്ച മുൻപു വരെ ഖുർഷിദിനായിരുന്നു. ഒരാഴ്ച മുൻപാണ് ഈസ്റ്റ് ഡൽഹി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. അതുകൊണ്ടുതന്നെ ഓഫീസിൽ കണ്ടപ്പോൾ ആദ്യം ആരും സംശയിച്ചില്ല. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം