സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ ദമ്പതികളാണ് മോഷണം നടത്തിയത്. സ്വർണ നെക്ലേസ് നോക്കുന്നതിനിടയിൽ, സ്ത്രീ ഒരു നെക്ലേസ് സാരിക്കുള്ളിൽ ഒളിപ്പിക്കുന്ന ദൃശ്യം ലഭിച്ചു.
ലഖ്നൌ: ജ്വല്ലറിയിൽ നിന്ന് ദമ്പതികൾ ആറ് ലക്ഷം രൂപയുടെ സ്വർണ നെക്ലേസ് മോഷ്ടിക്കുന്ന ദൃശ്യം പുറത്ത്. സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. മോഷണത്തിന്‍റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലുള്ള ജ്വല്ലറിയിലാണ് സംഭവം.
ജ്വല്ലറി അടയ്ക്കുന്ന സമയത്ത് സ്റ്റോക്ക് പരിശോധിക്കുമ്പോഴാണ് സ്വർണത്തിന്‍റെ കുറവ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആരാണ് കള്ളനെന്ന് വ്യക്തമായത്. സ്വർണ നെക്ലേസ് നോക്കുന്നതിനിടയിൽ, ഒരു സ്ത്രീ ഒരു നെക്ലേസ് സാരിക്കുള്ളിൽ ഒളിപ്പിക്കുന്ന ദൃശ്യം ലഭിച്ചു. രണ്ട് നെക്ലേസുകൾ ഒരേ സമയം മടിയിൽ വച്ചു നോക്കിയ ശേഷം ഒരെണ്ണം മാത്രമേ സ്ത്രീ തിരിച്ചുവച്ചുള്ളൂ. സ്ത്രീയുടെ കൂടെയുണ്ടായിരുന്ന പുരുഷൻ കടയിലെ ജീവനക്കാരനോട് വിലയും മറ്റും ചോദിച്ച് ശ്രദ്ധ മാറ്റി. അതിനിടെ ഒരു നെക്ലേസ് ബോക്സ് സഹിതം സ്ത്രീ വിദഗ്ധമായി സാരിക്കടിയിൽ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് വേറെ കുറിച്ച് മാലകൾ കൂടി നോക്കിയ ശേഷം ദമ്പതികൾ പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്.
ജ്വല്ലറി ഉടമ പരാതി നൽകി
ഏകദേശം 6 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാല മോഷണം പോയെന്ന് ജ്വല്ലറിയുടെ ഉടമ ഗൗരവ് പണ്ഡിറ്റ് പൊലീസിൽ പരാതി നൽകി. വ്യക്തമായ ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. അതേസമയം ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ദമ്പതികളെ ഉടൻ തിരിച്ചറിയുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ പലവിധ പ്രതികരണങ്ങൾ ഉയർന്നു. ജ്വല്ലറികളിൽ സിസിടിവി ഉണ്ടാകും എന്നറിയാത്ത കള്ളന്മാർ എന്നാണ് ചിലരുടെ കമന്‍റ്. അതേസമയം മറ്റുചിലർ ജീവനക്കാരനെ കുറ്റപ്പെടുത്തി. എത്ര ട്രേ സ്വർണം വാങ്ങാൻ വരുന്നവരെ കാണിച്ചു എന്ന കണക്ക് വേണ്ടേ എന്നാണ് മറ്റു ചിലരുടെ ചോദ്യം.


