ദില്ലി: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ തിഹാർ ജയിലിലേക്ക് മാറ്റി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി  ദില്ലി റാം മനോഹർ ലോഹ്യ ഹോസ്‍പിറ്റലിൽ ചികിത്സയിലായിരുന്നു ശിവകുമാർ. തീഹാറിലെ ഏഴാം നമ്പർ ജയിലിലെ രണ്ടാം വാർഡിലാണ് ശിവകുമാറിനെ പ്രവേശിപ്പിച്ചത്. ഇതേ ജയിലിലാണ് മുൻ ധനമന്ത്രി പി ചിദംബരത്തെയും പാർപ്പിച്ചിരിക്കുന്നത്. 

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റ് സെപ്റ്റംബർ മൂന്ന് ചൊവ്വാഴ്ചയാണ്  ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുട‍ർച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ശിവകുമാർ ഇപ്പോൾ. 

2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.