ദില്ലി: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്‍ത നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. വെറുതെ സമയം കളയരുതെന്ന് പവന്‍ ഗുപ്‍തയുടെ അഭിഭാഷകനോട് ജഡ്ജി പറഞ്ഞു. കൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പ്രായം തെളിയിക്കുന്ന പരിശോധനകള്‍ നടത്തിയിട്ടില്ല എന്നുമായിരുന്നു പവന്‍ ഗുപ്തയുടെ വാദം. 

കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനഃപരിശോധനാ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. പുതിയ കാര്യങ്ങളൊന്നും പുനഃപരിശോധനാ ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.  പുനഃപരിശോധന എന്നാൽ പുനര്‍വിചാരണയല്ലെന്ന് ഇന്നലെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ തിരുത്തൽ ഹര്‍ജി നൽകുമെന്ന് അക്ഷയ്‍‌ ഠാക്കൂറിന്‍റെ അഭിഭാഷകന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.