അഗസ്റ്റ വെസ്റ്റലാന്‍റ് ഹെലികോപ്ടര്‍ ഇടപാടിലെ കൂട്ടുപ്രതികളിലൊരാളായ രാജീവ് സക്സേനയെ കഴിഞ്ഞ മാസമാണ് ദുബായിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ഇന്ത്യയ്ക്ക് കൈമാറിയത്

ദില്ലി: അഗസ്റ്റ വെസ്റ്റ്ലാന്‍റ് കേസില്‍ മാപ്പുസാക്ഷിയായി മാറിയ രാജീവ് സക്സേന പട്യാല അഡീ.ചീഫ് മെട്രൊപൊളിറ്റൻ കോടതിയിൽ മൊഴി നൽകും. മാപ്പുസാക്ഷിയാകാനുള്ള സക്സേനയുടെ അഭ്യർത്ഥന, നേരത്തെ സിബിഐ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സക്സേന കോടതിയിലെത്തി മൊഴി നല്‍കാന്‍ തീരുമാനിച്ചത്. 

അഗസ്റ്റ വെസ്റ്റലാന്‍റ് ഹെലികോപ്ടര്‍ ഇടപാടിലെ കൂട്ടുപ്രതികളിലൊരാളായ രാജീവ് സക്സേനയെ കഴിഞ്ഞ മാസമാണ് ദുബായിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ഇന്ത്യയ്ക്ക് കൈമാറിയത്. ദുബായ് കേന്ദ്രമായി പ്രവര‍ത്തിക്കുന്ന മെട്രിക്സ് ഹോള്‍ഡിങ്സ് ഡയറക്ടറാണ് സക്സേന. കേസില്‍ പ്രതി ചേര്‍ത്തതോടെ സക്സേന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സക്സേനയെ യുഎഇ ഇന്ത്യക്ക് കൈമാറിയത്. വെസ്റ്റ് ലാന്‍റ് ഇടപാടിന്‍റെ മറവില്‍ പല വിദേശ കമ്പനികളും കണക്കില്‍പെടാത്ത കള്ളപ്പണം വെളുപ്പിച്ചു എന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കണ്ടെത്തല്‍.