ലഖ്‍നൗ: ദില്ലി നിസാമുദ്ദീൻ മർക്കസിൽ നടന്ന തബ്‍ലീഗ് ജമാഅത്ത് ചടങ്ങിൽ പങ്കെടുത്ത വിവരം മറച്ചുവച്ചതിന് ഉത്തർപ്രദേശിൽ 30 പേർ അറസ്റ്റിൽ. ഒരു അധ്യാപകനും 16 വിദേശികളും അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ വിദേശികൾ തായ്‍ലൻഡിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ളവരാണ്. ക്വാറന്‍റീൻ കാലാവധി കഴിഞ്ഞ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

മാർച്ച് ആദ്യവാരം നിസാമുദ്ദീൻ മർക്കസിൽ നടന്ന ചടങ്ങിൽ ഇവരെല്ലാവരും പങ്കെടുത്തിരുന്നു. ഈ സമയത്ത് തന്നെയാണ് രോഗബാധ പലരിലേക്കും പടർന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നിഗമനം. അതിനാലാണ് ഇവരെ എല്ലാവരെയും കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കാൻ വിവിധ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചത്. 

അടിയന്തരമായി ചടങ്ങിൽ പങ്കെടുത്തവരോട് സർക്കാരുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിധേയരാകാൻ എല്ലാ സംസ്ഥാനങ്ങളും നിർദേശിച്ചിരുന്നതാണ്. എന്നാൽ ഇവർ ഈ വിവരം മറച്ചുവയ്ക്കുകയായിരുന്നു. എന്നാൽ പൊലീസ് ഇവരെ കണ്ടെത്തി ക്വാറന്‍റീനിലാക്കുകയായിരുന്നു. 28 ദിവസത്തെ ക്വാറന്‍റീൻ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവരെ എല്ലാവരെയും പകർച്ചവ്യാധി പടരുന്നത് തടയൽ നിയമം പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ പാർപ്പിച്ച കരേലിയിലെ ഹെര മസ്ജിദിന്‍റെയും ഷാഗഞ്ജിലെ അബ്ദുള്ള പള്ളിയുടെയും കെയർടേക്കർമാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, തബ് ലീഗ് ജമാഅത്തില്‍ പങ്കെടുത്ത് പ്രയാഗ് രാജിലെത്തിയ മലേഷ്യന്‍ പൗരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പ്രത്യേക
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാൾ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു.