ദില്ലി: രാജ്യത്ത് കൊവിഡ് 19 വൈറസ് രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം നാലായി. ഇതുവരെ  167 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 25 പേര്‍ വിദേശികളാണ്. അതേ സമയം ബംഗളൂരുവിൽ രണ്ട് പേർക്ക് കൊവിഡ് ഭേദമായത് ആശ്വാസകരമാണ്. നേരത്തെരോഗം സ്ഥിരീകരിച്ച ഗൂഗിളിലെ ഒരു ജീവനക്കാരന്‍, രോഗം ബാധിച്ച ഐടി ജീവനക്കാരന്‍റെ ഭാര്യ എന്നിവര്‍ക്കാണ് ഭേദമായത്. 

അതേ സമയം  കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് ഒരോരുത്തര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കേരളത്തില്‍ കാസര്‍കോഡ് ജില്ലയിലെ ഒരാള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ആയി. തമിഴ്നാട്ടില്‍ ചെന്നൈയിലെത്തിയ അയര്‍ലന്‍ഡ് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മാര്‍ച്ച് 17 നാണ് വിദ്യാര്‍ത്ഥി ചെന്നൈ വിമനാത്താവളത്തിലെത്തിയത്. തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. അതേസമയം ട്രെയിനിലും ബസ്സിലുമായി തമിഴ്നാട്ടില്‍ എത്തുന്ന സംസ്ഥാനന്തര യാത്രക്കാര്‍ക്ക്  തെര്‍മ്മല്‍ സ്കാനിങ്ങ് ഏര്‍പ്പെടുത്തി. കേരളത്തില്‍ നിന്നെത്തിയ മുഴുവന്‍ യാത്രക്കാരെയും തെര്‍മ്മല്‍ സ്കാനിങ്ങ് നടത്തിയ ശേഷമാണ് ചെന്നൈ എംജിആര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് പുറത്തേക്ക്കടത്തി വിടുന്നത്.

'എല്ലാവര്‍ക്കും ഒരു മാസം സൗജന്യ ഭക്ഷ്യധാന്യം'; അതിജീവനത്തിന്റെ സാമ്പത്തിക പാക്കേജുമായി സര്‍ക്കാര്‍

കൊവിഡ് 19 വൈറസിന്‍റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയും സുരക്ഷാ മുന്‍കരുതലുകളുമാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ ആരോഗ്യ വകുപ്പിന്‍റെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മഹാരാഷ്ട്രയിലാണ്. നാല്പത്തിയഞ്ച് പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. 
ദില്ലിയില്‍ എല്ലാ റസ്റ്റോറൻറുകളും 31 വരെ അടച്ചിടാന്‍ തീരുമാനിച്ചു. പ്രദേശത്ത് 20 പേരിൽ കൂടുതൽ കൂടി നില്‍ക്കുന്നതിന് വിലക്കുമുണ്ട്. ഹരിയാനയിലെ എല്ലാ കർഷക വിപണികളും ഈ മാസം 31 വരെ അടച്ചു. കുടകിലും രോഗം ബാധിച്ച് ഒരാള്‍ മരിച്ച കല്‍ബുറഗിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഛത്തീസ്ഗഡിലെ എല്ലാ മുനിസിപ്പൽ കോർപറേഷൻ പരിധികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ റായ്‌പൂരിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  ആളുകൾ കൂടുന്നത് തടയാനാണ് നടപടിയെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ വ്യക്തമാക്കിയിരിക്കുന്നത്. 

രാജ്യത്ത് സമൂഹ വ്യാപനമില്ലെന്നാണ് ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 820 പേരുടെ സാംപിള്‍ പരിശോധാനാ ഫലം നെഗറ്റീവായിരുന്നു. രാജ്യം സ്വീകരിക്കുന്ന മുന്‍ കരുതല്‍ നടപടിയില്‍ ലോകാരോഗ്യ സംഘടനയും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നതും ആശ്വാസകരമാണ്.  കൊവിഡ് വൈറസിന്‍റെ പശ്ചാത്തലത്തില്‍ വിദേശങ്ങളിൽ കുടുങ്ങിയവരെ നാട്ടിലേക്ക് എത്തിക്കാൻ എല്ലാ ശ്രമവും ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

അതേസമയം കൊവിഡ് ഭീതിയില്‍  ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഓഹരി വിപണികളിലെ തകര്‍ച്ച തുടരുകയാണ്. സെന്‍സെക്സ് രാവിലെ  1900 പോയിന്‍റിലധികം ഇടിഞ്ഞുവെങ്കിലും പിന്നീട്  നഷ്ടം 580 പോയിന്‍റിലേക്ക് ചുരുങ്ങി. 50 ലക്ഷം കോടി രൂപയുടെ നഷ്ടം കോവിഡ് ഭീഷണി മൂലം ഈ മാസം വിപണിക്ക് ഉണ്ടായെന്നാണ് കണക്ക്.