ബെം​ഗളൂരു: ബെംഗളൂരുവിൽ 55 വയസിന് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ജോലിക്ക് വരേണ്ടെന്ന് നിർദ്ദേശം. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറാണ് നിർദ്ദേശം നൽകിയത്. പൊലീസുകാർക്കിടയിൽ കൊവിഡ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. 

മുംബൈ, ചെന്നൈ എന്നീ മഹാനഗരങ്ങളെ അപേക്ഷിച്ച് കൊവിഡ് കേസുകൾ താരതമ്യേന കുറവായിരുന്ന നഗരമാണ് ബെംഗളൂരു. നഗരത്തിൽ ഇത് വരെ 1083 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് നിലവിൽ 643 പേർ ചികിത്സയിലാണ്. ബെംഗളൂരുവിൽ മാത്രം 62 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് കൊവി‍ഡ് ബാധിച്ച് മരിച്ചത്. കർണ്ണാടകം പതിനായിരം രോഗികളെന്ന കണക്കിലേക്ക് അടുക്കുകയാണ്. ഇത് വരെ 8697 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 

തുടക്കത്തിൽ കൊവിഡ് കേസുകൾ നിയന്ത്രണവിധേയമായിരുന്ന കർണ്ണാടകയിൽ ഏതാനം ദിവസങ്ങൾക്കിടെയാണ് വീണ്ടും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായത്. കൂടുതൽ പരിശോധന നടത്തുന്നതോടെ എണ്ണം ഇനിയും ഉയരുമെന്നാണ് കണക്ക്കൂട്ടപ്പെടുന്നത്. രണ്ട് സ്റ്റേ‍ഡിയങ്ങളും ഒരു ആശ്രമമവും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാൻ നിലവിൽ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് പോസിറ്റീവാകുന്നവരെ പാർപ്പിക്കുന്നതിനാണ് ഇത്. 

കണ്ഠീരവ ഇൻഡോർ സ്റ്റേഡിയവും കൊറമംഗല ഇൻഡോർ സ്റ്റേഡിയവും, ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമവുമാണ് ഇത്തരത്തിൽ ചികിത്സാ കേന്ദ്രങ്ങളാക്കുവാൻ പോകുന്നതെന്ന്  സംസ്ഥാന ആരോഗ്യവകുപ്പ് കമ്മീഷണർ പങ്കജ് കുമാർ പാണ്ഡേ അറിയിച്ചു.