മാര്‍ച്ച് 17 മുതല്‍ മെയ് 17വരെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത് 4,432 കൊവിഡ് മരണങ്ങളാണ്. ഇതില്‍ 2,465 പേര്‍ 20 മുതല്‍ 45 വയസുവരെയുള്ള ഗ്രൂപ്പില്‍ പെടുന്നവരാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.

ബംഗലൂരു: കര്‍ണാടകയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ കൊവിഡ് വന്ന് മരിച്ചവരില്‍ 56 ശതമാനം പേര്‍ 20 മുതല്‍ 49വരെ
വയസിനിടയിലുള്ളവരാണെന്ന് റിപ്പോര്‍ട്ട്. കൊവിഡിന്‍റെ രണ്ടാം തരംഗം എത്രത്തോളം രൂക്ഷമാണ് എന്നതാണ് ഇത് കാണിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഈ ഉയര്‍ന്ന യുവാക്കളുടെ മരണ നിരക്ക് പലയിടത്തും കുടുംബത്തിലെ വരുമാനമുളള ഏക അംഗത്തെ നഷ്ടമാകുന്ന അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. മാര്‍ച്ച് 17 മുതല്‍ മെയ് 17വരെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത് 4,432 കൊവിഡ് മരണങ്ങളാണ്. ഇതില്‍ 2,465 പേര്‍ 20 മുതല്‍ 45 വയസുവരെയുള്ള ഗ്രൂപ്പില്‍ പെടുന്നവരാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.

ആദ്യത്തെ കൊവിഡ് തരംഗത്തില്‍ യുവാക്കള്‍ക്കിടയില്‍ മരണം സംഭവിക്കുന്നത് അപൂര്‍വ്വമായിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ കുത്തനെ വര്‍ദ്ധിക്കുകയാണ് എന്നാണ് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നത്. 'ആശുപത്രിയിലെ ഐസിയു കിടക്കകളില്‍ 30 ശതമാനത്തോളം ഉള്ളത് യുവാക്കളാണ്' -ജയ നഗറിലെ സാഗര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ മഹേന്ദ്ര കുമാര്‍ പറയുന്നു. 

ഇത്തരത്തില്‍ ഐസിയുവില്‍ എത്തുന്ന മിക്ക യുവാക്കളായ കൊവിഡ് രോഗികള്‍ക്കും രോഗം സ്ഥിരീകരിച്ച് 8 മുതല്‍ 11 ദിവസം വരെ കാര്യമായ ലക്ഷണമൊന്നും കാണുന്നില്ലെന്നും പെട്ടെന്നാണ് ആരോഗ്യ നില വഷളാകുന്നത് എന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൊത്തം കൊവിഡ് മരണങ്ങള്‍ എടുത്ത് നോക്കുമ്പോള്‍ ഇത് വളരെ കുറഞ്ഞ നിരക്കാണ് എന്ന് തോന്നാം, എന്നാല്‍ മരണപ്പെട്ട യുവാക്കളില്‍ പലരും കുടുംബത്തിന്‍റെ ഏക വരുമാന സ്രോതസാണ് എന്നതാണ് ഈ സംഭവം ഗൗരവമായി കാണേണ്ടതിന്‍റെ ആവശ്യകതയെന്ന് കര്‍ണാടക സ്റ്റേറ്റ് കൊവിഡ് ഉപദേശക സമിത അംഗം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

കര്‍ണാടകയില്‍ ഇതുവരെ, 20-29 വയസ് ഗ്രൂപ്പിലുള്ള 4.1 ലക്ഷം പേര്‍ക്ക് കൊവിഡ് വന്നിട്ടുണ്ട്, 30-39 വരെമെംഓഓോമേ വയസുള്ളവരില്‍ 5.1 ലക്ഷമാണ് കൊവിഡ് വന്നവരുടെ എണ്ണം. 40-49 വരെ വയസുള്ളവരുടെ കൂട്ടത്തില്‍ രോഗം വന്നവരുടെ എണ്ണം 4 ലക്ഷത്തിന് അടുത്ത് വരും. അതിനാല്‍ തന്നെ ഇപ്പോഴത്തെ മരണനിരക്ക് ആശങ്കയുണ്ടാക്കുന്നതാണ് എന്നാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അതേ സമയം രണ്ടാം തരംഗം യുവാക്കളില്‍ കൂടുതലായി ബാധിക്കുന്നു എന്നത് കൊവിഡ് പ്രോട്ടോക്കോള്‍ യുവാക്കള്‍ കാര്യമായി പാലിക്കാത്തതിനാലാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്. കൊവിഡ് വാക്സിനേഷന്‍ യുവാക്കള്‍ക്കിടയില്‍ വ്യാപകമാകാത്തതാണ് മരണം കൂടാന്‍ എന്ന വാദത്തെ ഇവര്‍ തള്ളുന്നു. 'വലിയൊരു വിഭാഗം യുവാക്കള്‍ ജോലികള്‍ക്കായി പുറത്താണ്, അവരുടെ കൂടിച്ചേരലുകള്‍ നടക്കുന്നു. അതിനാല്‍ ഈ വിഭാഗത്തിലാണ് രണ്ടാം തരംഗം കൂടുതലായി രോഗികളെ സൃഷ്ടിച്ചത്'- ഫോര്‍ടിസ് ഹോസ്പിറ്റല്‍ ഇന്‍റേണല്‍ മെഡിസിന്‍ മേധാവി ഡോ. ഷീല ചക്രവര്‍ത്തി പറയുന്നു. ഇവരുടെ ആശുപത്രിയിലെ 20 ശതമാനം ഐസിയു കിടക്കകളില്‍ യുവാക്കളായ കൊവിഡ് രോഗികളാണ് എന്നും ഇവര്‍ പറയുന്നു.

അതേ സമയം വൈകി ആശുപത്രിയില്‍ എത്തുന്നതും യുവാക്കള്‍ക്കിടയിലെ മരണകാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അത് അവഗണിച്ച് വീട്ടില്‍ തന്നെ തുടരാനാണ് പല രോഗികളും ശ്രദ്ധിക്കുന്നത്. ഇത് ചിലപ്പോള്‍ ഗൗരവമായ രോഗബാധയിലേക്ക് നീങ്ങിയേക്കാം. ഇത് പിന്നീട് രോഗിയെ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തിക്കുന്നു.