ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് കൊവിഡ് രോഗികളുടെ എണ്ണം 6,25,544 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 20,903  പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 379 പേര്‍ മരിച്ചു. ഇതോടെ 18,213 പേരാണ് കൊവിഡിന് കീഴടങ്ങിത്. അതേ സമയം കൂടുതല്‍ കൊവിഡ് രോഗികളുള്ള പ്രദേശങ്ങളിലൊന്നായ ദില്ലി എൻസിആർ മേഖലയ്ക്ക് കൊവിഡ് പ്രതിരോധത്തിന് പ്രത്യേക കർമ്മപദ്ധതിക്ക് തീരുമാനമായി. യു പി, ദില്ലി, ഹരിയാന മുഖ്യമന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ യോഗത്തെ തുടർന്നാണ് തീരുമാനം. യു പി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധനകൾ കൂട്ടാൻ അമിത് ഷാ നിർദ്ദേശം നൽകി. 

ഇരു സംസ്ഥാനങ്ങൾക്കും ടെസ്റ്റിംഗിനായി കേന്ദ്രം കൂടുതൽ കിറ്റുകൾ നൽകും. രോഗികളെ നേരത്തെ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റും. മൂന്നു സംസ്ഥാനങ്ങളിലെയും ചെറുകിട ആശുപത്രികൾക്ക് ദില്ലി എംയിസിലെ ഡോക്ടർമാരിൽ നിന്നും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും. ദില്ലി ഉൾപ്പെടെ  ദേശീയ തലസ്ഥാന മേഖല മുഴുവനായി നിലവിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട സാഹചര്യമാണുള്ളത്. 

മഹാരാഷ്ട്രയില്‍ ആകെ കേസുകൾ 1,86,626 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ ആദ്യമായി ഒരു ദിവസത്തെ കൊവിഡ് കേസുകൾ 4000 കടന്നു. 4343 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ കുതിച്ചുയർന്നതോടെ രാജ്യത്താകെ പ്രതിദിന കണക്ക് 20,000 കടന്നു. ദില്ലിയിൽ ഇന്നലെ 2373 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകയിലും 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി.