ആഗ്ര: കൊവിഡ് 19 സ്ഥിരീകരിച്ചിട്ടും ചികിത്സക്ക് സഹകരിക്കാതിരിക്കുകയും വിവരങ്ങള്‍ മറച്ചുവെക്കുകയും ഐസൊലേഷനില്‍ നിന്ന് ഓടിപ്പോകുകയും ചെയ്ത യുവതിയുടെ പിതാവിനെതിരെ കേസ്. കഴിഞ്ഞ ദിവസമാണ് യുവതിയുടെ പിതാവിനെതിരെ ആഗ്ര പൊലീസ് കേസെടുത്തത്. ആദ്യമായാണ് ചികിത്സക്ക് സഹകരിക്കാതിരുന്നതിനും കൊവിഡ് വിവരം മറച്ചുവെച്ചതിനും  രാജ്യത്ത് കേസ് എടുക്കുന്നത്. ഗൂഗിളില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനും ഭാര്യക്കുമാണ് കൊവിഡ് 19 ബാധിച്ചത്. യുവതിയും ഭര്‍ത്താവും ഇറ്റലിയില്‍ ഹണിമൂണ്‍ കഴിഞ്ഞ് ബെംഗളുരുവില്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും നിരീക്ഷണത്തില്‍ തുടരുന്നതിനിടെ യുവതി രക്ഷിതാക്കള്‍ക്കൊപ്പം ബെംഗളുരുവില്‍ നിന്ന് ആഗ്രയിലേക്ക് കടന്നു.

മാര്‍ച്ച് എട്ടിന് ബെംഗളുരുവില്‍ നിന്ന് ദില്ലിയിലേക്ക് വിമാനത്തിലും അവിടെ നിന്ന് ആഗ്രയിലേക്കും യാത്ര തിരിക്കുകയായിരുന്നു. ഭര്‍ത്താവിന് കൊവിഡ് 19 ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതിന് പിന്നാലെ ഇരുവരും ഐസൊലേഷനിലായിരുന്നു. യുവതി ആഗ്രയിലെ വീട്ടില്‍ എത്തിയ ആരോഗ്യവകുപ്പ് അധികൃതരോട് സഹകരിക്കാന്‍ അവര്‍ തയ്യാറായില്ല. ജില്ലാ മജിസ്ട്രേറ്റ് ഇടപെട്ടതിനെ തുടര്‍ന്നാണ് ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ഇവര്‍ തയ്യാറായത്. 

''മെഡിക്കല്‍ സംഘം യുവതിയുടെ രക്ഷിതാക്കളുടെ വീട്ടിലെത്തിയപ്പോള്‍  റയില്‍വെ എന്‍ജിനീയറായ പിതാവ് ഞങ്ങളോട് സഹകരിക്കാന്‍ തയ്യാറായില്ല. മകള്‍ ബെംഗളുരുവില്‍ ആണെന്ന് കള്ളം പറഞ്ഞു. പിന്നീട് ജില്ലാ മജിസ്ട്രേറ്റ് ഇടപെട്ടതിനെ തുടര്‍ന്നാണ് യുവതി അടക്കം ഒമ്പത് അംഗങ്ങളെയും പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിക്കാനായത്. '' - ആഗ്രയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മുകേഷ് കുമാര്‍ പറഞ്ഞു. എസ് എന്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് യുവതിയെ മാറ്റി. 

''ഫെബ്രുവരി ആദ്യമാണ് ബെംഗളുരു സ്വദേശിയായ ഗൂഗില്‍ ജീവനക്കാരനെ യുവതി വിവാഹം ചെയ്തത്. ഹണിമൂണ്‍ ആഘോഷിക്കാന്‍ ദമ്പതികള്‍ ഇറ്റലിയിലും അവിടെ നിന്ന് ഗ്രീസിലേക്കും ഫ്രാന്‍സിലേക്കും പോയി. ഫെബ്രുവരി 27 നാണ് മുംബൈ വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്. പിന്നീട് ബെംഗളുരുവിലേക്ക് പറന്നു. മാര്‍ച്ച് ഏഴിന് ഭര്‍ത്താവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടുപേരെയും ബെംഗളുരുവില്‍ ക്വാറണ്ടൈന്‍ ചെയ്തു. തുടര്‍ന്ന് യുവതി ബന്ധുക്കളെ വിളിക്കുകയും തന്‍റെ അവസ്ഥ അറിയിക്കുകയും ചെയ്തു. അനധികൃതമായി യുവതിയുമായി രക്ഷിതാക്കള്‍ മാര്‍ച്ച് എട്ടിന് ആഗ്രയിലേക്ക് കടന്നു. '' - മുകേഷ് കുമാര്‍ പറഞ്ഞു. 

ബെംഗളുരു - ദില്ലി വിമാനത്തിലും പിന്നീട് ട്രെയിനിലുമാണ് ഇവര്‍ യാത്ര ചെയ്തതെന്ന് വ്യക്തമായി. വിമാനത്തില്‍ യാത്ര ചെയ്തതിനാല്‍ തൊട്ടടുത്ത സീറ്റുകളില്‍ യാത്ര ചെയ്തവര്‍ക്ക് കൊവിഡ് 19 ന് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.