ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 143 ആയി. കൊവിഡ് രാജ്യത്ത് രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. പ്രതിരോധ നടപടികൾ ഊർജ്ജിതമായി തുടരാനാണ് സർക്കാർ തീരുമാനം. ഇപ്പോഴത്തെ രണ്ടാംഘട്ടത്തിൽ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊവിഡ് കടന്നാൽ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകും. അതിലേക്ക് എത്താതിരിക്കാൻ കൂടുതൽ കരുതൽ വേണമെന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോര്‍ മെഡിക്കൽ റിസര്‍ച്ച് നിര്‍ദ്ദേശിച്ചു. പനിയോ, ചുമയോ, ജലദോഷമോ പോലുള്ള അസുഖങ്ങൾ ഉള്ളവര്‍ ഉടൻ തന്നെ ചികിത്സക്ക് വിധേയരാകണം.

മലേഷ്യ, ഫിലിപ്പീൻസ്, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ബ്രിട്ടൻ, സ്വിറ്റസര്‍ലാന്‍റ്, തുര്‍ക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇത്. പല സംസ്ഥാനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങൾ മുൻകരുതലിന്റെ ഭാഗമായി അടച്ചു.

കൊവിഡ് 19: സംസ്ഥാനത്ത് അതീവ ജാഗ്രത, മാഹിയിലെ രോഗബാധിത ആശുപത്രിയില്‍ നിന്ന് മടങ്ങിയതില്‍ അന്വേഷണം

കൊവിഡ് വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. ഇന്നലെ ലഭിച്ച ഏഴ് പരിശോധനാ ഫലങ്ങളും നെഗറ്റീവാണെങ്കിലും മാഹിയിൽ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയായ 68 വയസുകാരി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും മടങ്ങിപ്പോയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ബീച്ച് ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമന. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്താനുളള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്.