24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 13 പേരാണ്. പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി.

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ (Covid Cases) വീണ്ടും കൂടി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12,249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 13 പേരാണ്. പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി.

ദില്ലിയിൽ ടിപിആർ ഏഴു ശതമാനത്തിന് മുകളിലെത്തി. അതേസമയം, രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്സിനുകൾ നൽകി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്സിനുകളുടെ 75 ശതമാനം കേന്ദ്ര സർക്കാർ സംഭരിക്കും.

ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും. കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 193.53 കോടിയിൽ അധികം (1,93,53,58,865) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 12.53 കോടിയിൽ അധികം (12,53,04,250) കൊവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും പിഐബി അറിയിച്ചു.