ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നു. സംസ്ഥാനത്ത് ആകെ 526 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6535 ആയി. സംസ്ഥാനത്ത് ഇത് വരെ 44 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ചെന്നെ നഗരത്തിൽ ഇന്ന് മാത്രം 279 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തേനി, തിരുനെൽവേലി, നീലഗിരി എന്നിവടങ്ങളിലാണ് പുതിയ രോഗികൾ.

കോയമ്പേട്, തിരുവാൺമയൂർ ക്ലസ്റ്ററുകളുമായി ബന്ധപ്പെട്ടവയാണ് പുതിയ കേസുകളും. ചെന്നൈയിൽ കൂടുതൽ ഇടങ്ങളിലേക്ക് കൊവിഡ് പടരാനാരംഭിച്ചതോടെ കേരളത്തിലേക്കുള്ള പച്ചക്കറി കയറ്റുമതി പ്രതിസന്ധിയിലായിരിക്കുകയാണ്. ചെന്നൈയിൽ അവശ്യസാധനങ്ങൾക്ക് വില ഇരട്ടിയായിരിക്കുകയാണ്.

രോഗവ്യാപനത്തിൻ്റെ കേന്ദ്രമായ കോയമ്പേടിന് സമീപം നേർക്കുൻട്രത്ത് നൂറിലേറെ കേസുകൾ ഇന്നലെ തന്നെ റിപ്പോ‍‍ർട്ട് ചെയ്തിരുന്നു. തിരുവാൺമൂർ ചന്തയിൽ വന്നു പോയവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കച്ചവടക്കാർ ലോറി ഡ്രൈവർമാർ ചുമട്ടുതൊഴിലാളികൾ  ഉൾപ്പടെ ആയിരക്കണക്കിന്  പേർക്കാണ് അടുത്ത ദിവസങ്ങളിൽ രോ​ഗം സ്ഥിരീകരിച്ചത്.

ചില്ലറ വിൽപ്പനക്കാരിൽ നിന്ന് കൂടുതൽ തെരുവുകളിലേക്കും രോഗം പകർന്നു. കോയമ്പേടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കേരളത്തിലേക്ക് ലോഡുകൾ പോകുന്നത് നിർത്തിവച്ചു.