പുനെ: മഹാരാഷ്ട്രയിലെ പുനെയിൽ കോർപ്പറേഷൻ പരിധിയിലുള്ള രോഗികളുടെ വിവരങ്ങളും കൂട്ടത്തോടെ ചോർന്നു. പുനെ സ്മാർട്ട് സിറ്റി ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഗൂഗിൾ മാപ്പാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ചോർന്നത്. രോഗികളുടെ പേര്, നമ്പർ, രോഗവിവരങ്ങൾ, നിലവിലുള്ള ആരോഗ്യവിവരങ്ങൾ എന്നിവയാണ് ചോർന്നത്. എന്നാൽ ഈ വിവരങ്ങൾ ചോർന്നതിൽ ഇതുവരെ പുനെ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊലീസിൽ പരാതി പോലും നൽകിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. തീർത്തും നിരുത്തവാദിത്തപരമായിട്ടാണ് പുനെ സ്മാർട്ട് സിറ്റി അധികൃതർ ഇതിനെ കൈകാര്യം ചെയ്യുന്നതെന്നാണ് ആക്ഷേപമുയരുന്നത്.

കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ് പുനെ നഗരത്തിൽ. ഈ സാഹചര്യത്തിലാണ് ക്വാറന്‍റീനിലുള്ളവരുടെയും രോഗികളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ വിശദമായ ഗൂഗിൾ മാപ്പ് പുനെ സ്മാ‍ർട്ട് സിറ്റി അധികൃതർ തയ്യാറാക്കിയത്. എന്നാൽ ഈ മാപ്പ് തീർത്തും സുരക്ഷയില്ലാതെയാണ് അധികൃതർ കൈകാര്യം ചെയ്തത്. പാസ്‍വേഡുണ്ടായിരുന്ന പ്രൈവറ്റ് ഗൂഗിൾ മാപ്പ് ലിങ്ക് പക്ഷേ, ശനിയാഴ്ച കുറേനേരം പൊതുജനങ്ങൾക്ക് ആർക്കും പരിശോധിക്കാവുന്ന നിലയിൽ 'പബ്ലിക്കായി' സ്മാർട്ട് സിറ്റി അധികൃതർ മാറ്റി. ബന്ധപ്പെട്ട ആരും ഇതൊട്ട് പരിശോധിച്ചതുമില്ല. അതേസമയം, ഈ ലിങ്കാകട്ടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. എവിടെയൊക്കെ, ഏതൊക്കെ രോഗികളാണ് ചികിത്സയിലുള്ളത് എന്നതും, അവരുടെ ഫോൺനമ്പറുകളും അടക്കം സാമൂഹ്യമാധ്യമങ്ങളിൽ യാതൊരു സുരക്ഷയുമില്ലാതെ ആളുകൾ ഷെയർ ചെയ്തുകൊണ്ടേയിരുന്നു.

ഒടുവിൽ ഈ ലിങ്ക് ഷെയർ ചെയ്ത് കിട്ടിയ ഒരാൾ പുനെ സ്മാർട്ട് സിറ്റി അധികൃതരെ സമീപിച്ചപ്പോഴാണ് ഈ ലിങ്ക് പിൻവലിക്കാൻ പുനെ കോർപ്പറേഷൻ അധികൃതർ തയ്യാറായത്. 

രോഗികളായവരുടെ വീഡിയോ അടക്കം അയൽവാസികൾ എടുത്ത് സാമൂഹ്യമാധ്യമങ്ങളി. പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെ, ഇത് തടയണമെന്ന ആവശ്യവും മഹാരാഷ്ട്രയിൽ ശക്തമായിരുന്നതാണ്. രോഗികളുടെ സ്വകാര്യത തന്നെ ഇല്ലാതാകുന്ന നീക്കങ്ങൾ പാടില്ലെന്ന് അധികൃതരും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ അധികൃതർ തന്നെയാണ് ജനങ്ങളുടെ സ്വകാര്യ വിവരങ്ങളടക്കമുള്ള ഗൂഗിൾ മാപ്പ് പരസ്യപ്പെടുത്തിയത് എന്നതാണ് വിവാദമാകുന്നത്. 

The map by PSCDCL officials (L) displays red dots marking locations of COVID-19 positive cases. Clicking on a dot yields a list of private details (above) of each patient, which became visible to the public due to the leak