Asianet News MalayalamAsianet News Malayalam

പ്രതിദിന രോഗികൾ 24000, ആശങ്കയിൽ രാജ്യതലസ്ഥാനം, വാക്സീൻ പ്രതിസന്ധിയിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ദില്ലിയിൽ 24 മണിക്കൂറിനിടെ 24,000 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി 23.36 ശതമാനമായി ഉയർന്നു. ദില്ലിയിൽ വരാന്ത്യകർറഫ്യൂ തുടരുകയാണ്. 

 


 

Covid 19 delhi india
Author
Delhi, First Published Apr 17, 2021, 6:11 PM IST

ദില്ലി: രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ദില്ലിയിൽ 24 മണിക്കൂറിനിടെ 24,000 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി 23.36 ശതമാനമായി ഉയർന്നു. ദില്ലിയിൽ വരാന്ത്യ കർഫ്യൂ തുടരുകയാണ്. വരാന്ത്യ കർഫ്യൂ ലംഘിച്ച് പാസ് ഇല്ലാതെ പുറത്ത് ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ദില്ലി പൊലീസ് അറിയിച്ചു. രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.

രാജ്യത്ത് രോഗബാധ അതിതീവ്രമായി ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. ഇന്ന് 8 മണിക്ക് ചേരുന്ന യോഗത്തിൽ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. വാക്സീൻ പ്രതിസന്ധിയും ഓക്സിജൻ ക്ഷാമവും വിലയിരുത്തും. 

കർണാടകത്തിൽ ഇന്നും റെക്കോഡ് രോഗവ്യാപനമാണ് ഉണ്ടായത്. ബെംഗളുരുവിൽ പ്രതിദിന രോഗബാധ പതിനായിരം കടന്നു. ഇന്ന് 17489 പേർക്ക് കോവിഡ് രോഗം ബാധിച്ചു. 80 മരണം നടന്നു. ബെംഗളുരുവിൽ മാത്രം 11404 പേർക്ക് രോഗം ബാധിച്ചു. 43 മരണം നടന്നു.

കൊവിഡ് രണ്ടാം തരംഗത്തിൽ യുപി, ഗുജറാത്ത്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും സാഹചര്യം വഷളാകുകയാണ്. വെൻറിലേറ്ററിനും ഓക്സിജനും കടുത്ത ക്ഷാമമാണ് ഗുജറാത്ത്  അടക്കമുള്ള സംസ്ഥാനങ്ങൾ നേരിടുന്നത്. യുപിയിലും ഗുജറാത്തിലും ചികിത്സാരംഗം തകിടം മറിഞ്ഞതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ നേരിട്ട് ഇടപെടൽ നടത്തി.

അഹമ്മദാബാദിലും, ലക്നൗവിലും 900 കിടക്കുള്ള താൽകാലിക ആശുപത്രികൾ സ്ഥാപിക്കും. ഇതിനായി ഡോക്ടർമാരുടെ സംഘത്തെ അയച്ചു. മതിയായ ഓക്സിജൻ സൗകര്യം ലഭ്യമാകുന്നില്ല എന്നത് ഗുജറാത്തിലെ പ്രധാനനഗരങ്ങളായ രാജ്കോട്ട് , സൂറത്ത്, വഡോധര  എന്നിവിടങ്ങളിൽ വൻ വെല്ലുവിളിയാണ്. മരണസംഖ്യ ഉൾപ്പടെ കൊവിഡ് കണക്കുകളിൽ  കള്ളക്കളി കാട്ടുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെ സർക്കാർ സുതാര്യത കാട്ടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. യുപിയിൽ ലക്നൗ, കാൺപൂർ എന്നിവിടങ്ങളാണ് സ്ഥിതി വഷളാകുന്നത്. ചത്തീസ്ഗഡിൽ റായ്പൂർ ജില്ല റെഡ് സോണായി പ്രഖ്യാപിച്ചു.  

പശ്ചിമ ബംഗാളിൽ പുറത്തു നിന്ന് വരുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നിർബന്ധമാക്കി. മുഖ്യമന്ത്രി മമത ബാനർജിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബിജെപി പുറത്തു നിന്ന് പതിനായിരക്കണക്കിന് പേരെ കൊണ്ടുവന്നെന്ന ആരോപണമുന്നയിച്ച മമത ഇവർ സംസ്ഥാനത്ത് കൊവിഡ് പരത്തുകയാണെന്നും പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios