ദില്ലി: കൊവിഡ് രോഗബാധ കൂടുതൽ പേർക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിലെ പ്രതിദിന കൊവിഡ് കേസുകൾ 1,600 ആയി കുറഞ്ഞിട്ടുണ്ട്. കേസുകൾ ഇതേ രീതിയിൽ കുറയുകയാണെങ്കിൽ 31 മുതൽ ലോക്ഡൌൺ പിൻവലിക്കുമെന്നും അരവിന്ദ് കെജ്രിവാൾ അറിയിച്ചു. 

ദില്ലിയിൽ 18-44 വരെയുള്ളവരുടെ വാക്സീനേഷൻ നിറുത്തിവെച്ചിരിക്കുകയാണ്. ഈ വിഭാഗത്തിലുള്ളവർക്കായി നീക്കിവച്ച വാക്സീൻ സ്റ്റോക്ക് അവസാനിച്ചതിനാലാണ് തീരുമാനത്തിലേക്ക് എത്തിയതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കൂടുതൽ വാക്‌സീൻ ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

അതേ സമയം യുപിയിൽ ഭാഗിക ലോക്ക് ഡൗൺ നീട്ടാൻ യോഗി സർക്കാരും തീരുമാനിച്ചു. ഈ മാസം 31 വരെ നിയന്ത്രണം സമാനരീതിയിൽ തുടരാനാണ് സർക്കാർ തീരുമാനം. ഉത്തരാഖണ്ഡിൽ കൊവിഡ് ബാധിച്ചു മാതാപിതാക്കൾ മരിച്ചാൽ കുട്ടികളെ സർക്കാർ ഏറ്റെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി സംസ്ഥാനത്ത് പുതിയ പദ്ധതിയും സർക്കാർ തുടങ്ങിയിട്ടുണ്ട് 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona