ദില്ലി: ദില്ലിയിൽ എൽഎൻജെപി ആശുപത്രിയിൽ കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരോട് കനത്ത അവഗണന. ഡ്യൂട്ടിക്കെത്തിയവര്‍ക്ക് ആഹാരം നൽകിയില്ലെന്ന് നഴ്സുമാര്‍ പരാതിപ്പെടുന്നു. ഭക്ഷണം കിട്ടാതെ ഒരു നഴ്സ് തലകറങ്ങി വീണതോടെ നഴ്സുമാർ ആശുപത്രിക്കുള്ളിൽ പ്രതിഷേധിച്ചു. 

മൂന്നു ഷിഫ്റ്റുകളിലാണ് ദില്ലി എൽഎൻജെപി ആശുപത്രിയിൽ ജീവനക്കാ‍ർ ഡ്യൂട്ടിക്കെത്തുന്നത്. രാവിലെ ഡ്യൂട്ടിക്ക് എത്തുന്നവ‍ർക്ക് ആശുപത്രിയിലും ഉച്ചക്കും വൈകുന്നേരം എത്തുന്നവ‍ർക്ക് താമസ സ്ഥലത്തുമാണ് ഭക്ഷണം നൽകുന്നത്. പതിവിന് വിരുദ്ധമായി  ഇന്ന്  ആശുപത്രിയിൽ മാത്രമേ ഭക്ഷണം ഉണ്ടാവുകയുള്ളൂവെന്നാണ് നഴ്സുമാര്‍ക്ക് കിട്ടിയ അറിയിപ്പ്.

എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഭക്ഷണമെത്തിയില്ല. ഒരു നഴ്സ് തല കറങ്ങി വീണതോടെ ആരോഗ്യപ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. നേരത്തെ എൽഎൻജെപിയിൽ നഴ്സുമാർക്ക് പഴകിയ ഭക്ഷണം വിതരണം ചെയ്തെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. 

താമസത്തിലടക്കം നഴ്സുമാരോട് അധികൃതർ വിവേചനം കാട്ടിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഡോക്ടർമാക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം നൽകിയപ്പോൾ നഴ്സുമാർക്ക് ഹാളുകളും ലോഡ്ജുകളിലും താമസമൊരുക്കിയെന്നാണ് ആക്ഷേപം. 

അതേസമയം കൊവിഡ് രോഗം സംശയിക്കുന്ന രോഗി മരിച്ചതോടെ സർക്കാർ ആശുപത്രിയായ ഭഗവാൻ മഹാവീറിലെ 68 ആരോഗ്യപ്രവർത്തകരെ നീരീക്ഷണത്തിലാക്കി. ദില്ലി ഒരു മലയാളി നഴ്സിനു കൂടി രോഗം സ്ഥിരീകരിച്ചതോടെ  രോഗബാധിതതരായ ആരോഗ്യപ്രവർത്തകരുടെ എണ്ണം 58 ആയി.