ദോഹ: ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം ബുധനാഴ്ച പുലർച്ചെ 12:40ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുമെന്ന്  വ്യോമയാന മന്ത്രാലയത്തിന്റെ അറിയിപ്പ്. 181 യാത്രക്കാരുമായി ഇന്നലെ രാത്രി 10.30ന് എത്തേണ്ടിയിരുന്ന വിമാനം റദ്ദാക്കപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ വിശ​ദീകരണം  ഇത് വരെ ലഭ്യമായിട്ടില്ല. 

വന്ദേ ഭാരത് ദൗത്യത്തിലുൾപ്പെട്ട തിരുവനന്തപുരത്തേക്കുള്ള ഏക സർവ്വീസായിരുന്നു ഇത്. കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് ദോഹയിലെത്തി തിരികെ യാത്രക്കാരെ തിരുവനന്തപുരത്തേക്ക് എത്തിക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് IX 373 ആണ് അവസാന നിമിഷം റദ്ദാക്കിയത്. 

96 സ്ത്രീകളും 20 കുട്ടികളും 85 പുരുഷൻമാരുമാണ് ഈ വിമാനത്തിൽ എത്തേണ്ടത്. തിരുവനന്തപുരത്തേക്ക് 48 പേർ, കൊല്ലത്തേക്ക് 46 പേർ, പത്തനംതിട്ടയിലേക്ക് 24 പേർ തുടങ്ങി ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, വയനാട്, കാസർകോട് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവ‍‌ർ വിമാനത്തിലുണ്ടാവും. ഇതിൽ 15 പേ‍‍ർ ഗർഭിണികളാണ്. അറുപത് വയസ്സിന് മുകളിലുള്ള 25 പേരും ഉണ്ട്. ഒപ്പം തമിഴ്നാട്ടിൽ നിന്ന് 19 പേരും, മെഡിക്കൽ ആവശ്യങ്ങൾക്കായി എത്തേണ്ടിയിരുന്ന കർണാടകത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഓരോരുത്തരും നേരത്തെ ലഭ്യമായ പട്ടികയനുസരിച്ച് വിമാനത്തിൽ ഉണ്ടാകേണ്ടതാണ്. 

ഇവരെല്ലാവരും യാത്രയ്ക്ക് തയ്യാറായി നാല് മണിക്കൂർ മുന്നേ തന്നെ വിമാനത്താവളത്തിൽ എത്തുകയും ചെയ്തിരുന്നതാണ്. ഖത്തറില്‍ നിന്നുള്ള ചില യാത്രകാര്‍ക്ക് നിയമപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് അനുമതി കിട്ടാത്തതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ അത്തരം യാത്രക്കാര്‍ക്ക് മാത്രമേ  എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാതിരിക്കൂ. അതിന് വിമാനത്തിന് ഇറങ്ങാന്‍ അനുമതി നിഷേധിക്കേണ്ടകാര്യമില്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 

ദുബായില്‍ നിന്ന് വന്ദേഭാരത് ദൗത്യത്തിലൂടെ നാട്ടിലേക്ക് മടങ്ങുന്നവരോട് 725 ദിര്‍ഹം അതായത് പതിനയ്യായിരം രൂപയാളമാണ് നിലവില്‍ ഈടാക്കുന്നത്. ഈ നിരക്കിലും കുറച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് നേരത്തെ ഫ്ലൈദുബായി അറിയിച്ചിരുന്നെങ്കിലും പ്രത്യേക വിമാന സര്‍വീസിന് ഇന്ത്യ അനുമതി നല്‍കിയില്ല.