Asianet News MalayalamAsianet News Malayalam

രാജ്യത്ത് ആഭ്യന്തര വിമാനസർവീസുകൾ തുടങ്ങി; കൊച്ചിയില്‍ ഇന്ന് 17 സര്‍വീസുകള്‍

ശക്തമായ പരിശോധന സംവിധാനങ്ങളോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങിയത്. ഇന്ന് 17 സര്‍വീസുകളാണ് ഉണ്ടാവുക. 

Covid 19 domestic flight services to restarted
Author
Delhi, First Published May 25, 2020, 5:52 AM IST

ദില്ലി/കൊച്ചി: രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി. ആന്ധ്രാ പ്രദേശ് പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആണ് സർവീസ് തുടങ്ങിയത്. ആന്ധ്രയിൽ നാളെയും ബംഗാളിൽ വ്യാഴാഴ്ചയും ആണ് സർവീസ് തുടങ്ങുക. ദില്ലിയിൽ നിന്ന് 380 സർവീസുകൾ ആണ് ഇന്നുള്ളത്. ഇതിൽ ഇരുപത്തിയഞ്ച് സർവീസുകൾ കേരളത്തിലേക്ക് ആണ്. മുംബൈ ചെന്നൈ വിമാനത്താവളങ്ങളിലേക്ക് ഒരു ദിവസം ഇരുപത്തിയഞ്ച് വിമാനങ്ങൾ മാത്രമേ എത്തൂ. ആന്ധ്രയിലും പശ്ചിമ ബംഗാളിലും സർവീസുകളുടെ എണ്ണം ചുരുക്കും. 

ആഭ്യന്തര വിമാന സർവീസ് തുടങ്ങുന്നത് നീട്ടണം എന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിൽ ചില സംസ്ഥാനങ്ങളെ ഒഴിവാക്കി സർവീസ് തുടങ്ങുന്നത് പ്രായോഗികം അല്ലെന്ന് വിലയിരുത്തുക ആയിരുന്നു. ഇതിന് പകരമാണ് ഈ സംസ്ഥാനങ്ങളിൽ സർവീസുകളുടെ എണ്ണം പരിമിതപ്പെടുത്തിയത്. അറുപത്തി രണ്ട് ദിവസത്തിന് ശേഷം ആണ് രാജ്യത്ത് വിമാന സർവീസ് വീണ്ടും തുടങ്ങുന്നത്. ആഴ്ചയിൽ 8428 സർവീസുകൾ ആണ് ഉണ്ടാവുക. 

ശക്തമായ പരിശോധന സംവിധാനങ്ങളോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര വിമാന സര്‍വ്വീസ് തുടങ്ങിയത്. ഇന്ന് 17 സര്‍വീസുകളാണ് ഉണ്ടാവുക. രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമെ യാത്ര അനുവദിക്കൂ. ബംഗലൂരുവിലേക്ക് പറന്ന വിമാനത്തോടെയാണ് നെടുമ്പാശ്ശേരിയില്‍നിന്നുള്ള സര്‍വീസ് തുടങ്ങിയത്. ഇന്ന് പുറപ്പെടുന്ന 17 സര്‍വീസുകളില്‍ കൂടുതലും ബംഗലൂരുവിലേക്കും മുംബൈയിലേക്കും. നാല് വീതം വിമാനങ്ങള്‍. ദില്ലിയിലേക്ക് രണ്ടും തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും ഒന്ന് വീതവും സര്‍വീസുണ്ട്. കൊച്ചിയില്‍നിന്ന് ഈയാഴ്ച ആകെ 113 സര്‍വ്വീസുകളും. 

രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ ടെര്‍മിനലില്‍ എത്തണം. ചെക്ക് ഇൻ ചെയ്യേണ്ടത് ഓണ്‍ലൈനായി. ആരോഗ്യ സേതു ആപ്പ് ആരോഗ്യപ്രവര്‍ത്തകരെ കാണിക്കണം. തുടര്‍ന്ന് താപനില പരിശോധന. എയറോബ്രിഡ്ജിലേക്ക് കയറും മുമ്പ് വീണ്ടും താപനില പരിശോധിക്കും. താപനില കൂടുതലെങ്കില്‍ യാത്ര റദ്ദാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഫേസ് ഷീല്‍ഡ് ഉള്‍പ്പെടെ ധരിച്ച് വേണം വിമാനത്തില്‍ യാത്ര ചെയ്യാൻ. ഹാൻഡ് ബാഗിന് പുറമെ ഒരു ബാഗ് കൂടി മാത്രമാണ് അനുവദിക്കുക. മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് 17 വിമാനങ്ങളും ഇന്ന് കൊച്ചിയില്‍ എത്തും. യാത്രക്കാരെ സ്വീകരിക്കാനായി സ്വകാര്യ കാറുകള്‍ അനുവദിക്കും. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി അമേരിക്കയില്‍നിന്നുള്ള ആദ്യ വിമാനവും ഇന്ന് രാവിലെ കൊച്ചിയിലെത്തും.

Follow Us:
Download App:
  • android
  • ios