ദില്ലി: നീതി ആയോഗ് ആസ്ഥാനമായ നീതി ഭവനിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് ഇയാൾ രോഗം സ്ഥിരീകരിച്ചത്. ഇതോടെ കെട്ടിടം ശുചീകരണത്തിനായി അടച്ചു. നേരത്തെ സുപ്രീം കോടതി ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

 

ദില്ലി സൗത്ത് വെസ്റ്റ് ജില്ലാ മജിസ്ട്രറ്റിന്‍റെ പേഴ്സണൽ സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചു. മജിസ്ട്രേറ്റ് നിരീക്ഷത്തിലാണ്. സമ്പർക്കത്തിൽ വന്നവരുടെ പട്ടിക തയ്യാറാക്കികൊണ്ടിരിക്കുന്നു. സുപ്രീം കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോടതിയിലെ രണ്ട് രജിസ്ട്രാർമാരെ വീട്ടിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരൻ കഴിഞ്ഞയാഴ്ച രണ്ട് തവണ കോടതിയിലെത്തിയിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

രാവിലെ 9 മണിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട പട്ടിക അനുസരിച്ച് 3108 പേർക്കാണ് രാജ്യ തലസ്ഥാനത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. 54 പേരാണ് ഇത് വരെ രോഗം ബാധിച്ച് ദില്ലിയിൽ മരിച്ചത്. ദില്ലിയിൽ കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തി നിയന്ത്രണം കർശനമാക്കുമെന്ന് ഹരിയാന അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾ ഹരിയാനയിലേക്ക് കടക്കാതിരിക്കാൻ റോഡുകളിൽ പരിശോധന കൂട്ടുമെന്നും ഹരിയാന.