ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന് വെല്ലുവിളിയായി വ്യാജ പിപിഇ കിറ്റുകൾ വ്യാപകം. സർക്കാർ‍ അംഗീകരിച്ച ഗുണമേന്മയുള്ള കിറ്റുകൾ നിലവിലുള്ളപ്പോള്‍ വിലകുറഞ്ഞ ഗുണനിലവാരം ഇല്ലാത്ത പിപിഇ കിറ്റുകളാണ് പല ആശുപത്രികളും ആരോഗ്യപ്രവർത്തകർക്ക് നൽകുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി. രാജ്യത്ത് അയ്യായിരത്തിലേറെ  ആരോഗ്യപ്രവർത്തകർ  കൊവിഡ് ബാധിതരാകുമ്പോഴാണ് ഗുണനിലവാരമില്ലാത്ത പിപിഇ കിറ്റുകള്‍ വ്യാപകമാകുന്നത്. 

കിറ്റുകൾ ഉപയോഗിച്ച് രോഗിയെ പരിചരിച്ചിട്ടും രോഗം ബാധിച്ച ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ വാക്കുകളാണ് അന്വേഷണത്തിലേക്ക് നയിച്ചത്. പിപിഇ കിറ്റുകൾ ധരിച്ച് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്  രോഗം വരാനുള്ള സാധ്യത കുറവെന്നിരിക്കെ എങ്ങനെയാണ് ഇവർ രോഗികളാകുന്നതെന്നായിരുന്നു സംശയം. 

അന്വേഷണം എത്തിയത് ദില്ലിയിലെ ഏറ്റവും വലിയ മെഡിക്കൽ മാർക്കറ്റായ ഭഗീരഥി പാലസിൽ. അണുനശീകരണി, മാസ്കുകൾ,പിപിഇ കിറ്റുകൾ എന്നിവയുടെ വിൽപന തകൃതിയാണ് ഇവിടെ, മാർക്കറ്റിലെ ചില ഇലക്ട്രിക്ക് കടകളും ലോക്ഡൗണോടെ മെഡിക്കൽ വിൽപനകേന്ദ്രങ്ങളായി. പിപിഇ കിറ്റുകൾ അന്വേഷിച്ച് എത്തിയ ഞങ്ങൾക്ക് കടയുടമയുടെ രണ്ട് ഓഫറുകൾ. ഗുണനിലവാരമുള്ള സർക്കാർ അംഗീകരിച്ച ഒരു  ഗ്രേഡ് 3 പിപിഇ കിറ്റിന് 650 രൂപ  മുതൽ 1000 രൂപവരെ. അംഗീകാരമില്ലാത്തവയ്ക്ക് 200 രൂപ  മുതല്‍ 350 രൂപവരെ.

ഈ ഗുണനിലവാരമില്ലാത്ത കിറ്റുകൾ ആശുപത്രികൾക്ക് കൊടുക്കാറുണ്ടെന്ന് കച്ചവടക്കാരൻ തന്നെ പറയുന്നു. ടെക്സ്റ്റൈല്‍, പ്രതിരോധ മന്ത്രാലയങ്ങളുടെ കീഴിലുള്ള സിത്രയും(sitraയും) ഡിആർഡിഇയും (DRDEയും) അംഗീകരിച്ച സ്ഥാപനങ്ങൾക്കാണ് പിപിഇ കിറ്റുകൾ നിർമ്മിക്കാൻ അനുമതി. സർക്കാരിന്റെ യുണീക്ക് സർട്ടിഫിക്കേഷൻ കോഡ് (Unique Certification Code) ഉൾപ്പടെ കിറ്റിൽ രേഖപ്പെടുത്തണം എന്നാൽ ഇതൊന്നുമില്ലാത്ത കിറ്റുകള്‍ ഇവിടെ കൂട്ടിയിട്ട് വില്‍ക്കുന്നു. കൂടുതൽ ആശുപത്രികളും ആവശ്യപ്പെടുന്നത് വിലകുറഞ്ഞ ഈ പിപിഇ കിറ്റുകളാണെന്ന്  മെഡിക്കൽ സാധനങ്ങൾ വിൽക്കുന്ന ഇടനിലക്കാരൻ ഞങ്ങളോട്  വെളിപ്പെടുത്തി. ആശുപത്രികളുടെ പർച്ചെസ് ഡിപ്പാർട്ടുമെന്റുകൾ ഇങ്ങനെയുള്ളതാണ് മിക്കവാറും ആവശ്യപ്പെട്ടുന്നതെന്നും ഇടനിലക്കാരൻ പറഞ്ഞു

ആരോഗ്യപ്രവ‍ർത്തകരിലേക്ക് ഈ കിറ്റുകൾ എത്തുവെന്ന് ആരോഗ്യവിദഗ്ധരും  സമ്മതിക്കുന്നു. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ രാജ്യത്തിന്‍റെ കൊവി‍ഡ് പ്രതിരോധത്തിന്‍റെ കടയ്ക്കൽ കത്തി വയ്ക്കുന്നതായിരിക്കും വ്യാജ പിപിഇ കിറ്റ് വിപണി.