Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിൽ ആകെ രണ്ട് കൊവിഡ് മരണങ്ങൾ; സംസ്ഥാനത്ത് അതീവ ജാഗ്രത

നിരീക്ഷണത്തിൽ തുടരാതെ മുങ്ങുന്നവരെ കണ്ടെത്താൻ വീടുകൾ കയറി പരിശോധന നടത്താൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകി. പിടിക്കപ്പെട്ടാൽ കർശന നിയമ നടപടി നേരിടേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. 

covid 19 fifth death reported in India from Maharashtra
Author
Mumbai, First Published Mar 22, 2020, 11:03 AM IST


മുംബൈ: മഹാരാഷ്ട്രയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 63 കാരനാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കാണ് മരണം സംഭവിച്ചതെന്ന് മുംബൈ മുൻസിപ്പിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പുറത്തിറക്കിയ വാർതത്താക്കുറിപ്പിൽ പറയുന്നു. എച്ച് എൻ റിലയൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇയാൾക്ക് പ്രമേഹവും ഉയർന്ന രക്തസമ്മ‍‌ർദ്ദവും ഉണ്ടായിരുന്നു. 

covid 19 fifth death reported in India from Maharashtra

മഹാരാഷ്ട്രയിലെ രണ്ടാമത്തെ മരണമാണ് ഇത്. സംസ്ഥാനത്ത് 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് എറ്റവും അധികം കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ നിലവിൽ 74 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഇന്ത്യയിൽ 324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസങ്ങൾക്കിടെ വൻ വർധനയാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 

24 മണിക്കൂറിനുള്ളിൽ 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മുംബൈയിലെ സബർബൻ ട്രെയിനുകളിൽ പൊതുജനത്തെ വിലക്കി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ മുംബൈയിൽ നിന്നും നാല് പേർ പൂനെയിൽ നിന്നുമാണ്. ഇതോടെ മുംബൈ നഗരത്തിൽ മാത്രം രോഗികളുടെ എണ്ണം 26 ആയി.പൂനെ മേഖലയിൽ അത് മുപ്പത് കടന്നു. നാല് നഗരങ്ങളടച്ച് നിരോധനാ‍ജ്ഞയ്ക്ക് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും തുടർച്ചയായ മൂന്നാം ദിവസവും പത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്.

80 ലക്ഷം പേർ ദിവസവും യാത്രചെയ്യുന്ന സബർബൻ ട്രെയിനുകളിൽ ഇനി പൊലീസ് അടക്കം അവശ്യസേവനങ്ങൾ നൽകുന്നവർക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. മാർച്ച്  31 വരെയാണ് നിയന്ത്രണം. സബ‍ർബൻ സർവീസുകൾ കൂടി നിയന്ത്രിക്കുന്നതോടെ  മുംബൈ നിശ്ചലമാവും. നിരീക്ഷണത്തിലുള്ളവരെന്ന് കയ്യിൽ പതിച്ച മുദ്രയുമായി ഇന്നലെ 15 പേരെ മുംബൈ സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയിരുന്നു. നിരീക്ഷണത്തിൽ തുടരാതെ മുങ്ങുന്നവരെ കണ്ടെത്താൻ വീടുകൾ കയറി പരിശോധന നടത്താൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകി. പിടിക്കപ്പെട്ടാൽ കർശന നിയമ നടപടി നേരിടേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. 

ഇപ്പോഴും സമൂഹ വ്യാപനം ഇന്ത്യയിൽ നടന്നിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശ്വസിക്കുന്നത്. ഇത് വരെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേരുടെ ഒഴികെ ബാക്കിയെല്ലാവരുടെ യാത്രാ ചരിത്രം കണ്ടെത്താനായിട്ടുണ്ട്. ഇവരെല്ലാം തന്നെ വിദേശയാത്ര നടത്തിയവരോ വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കതിലേർപ്പെടുകയോ ചെയ്തവരാണ്. രണ്ട് പേരുടെ കാര്യത്തിൽ മാത്രമാണ് വ്യക്തത വരാനുള്ളത്. 

Follow Us:
Download App:
  • android
  • ios