കൊല്‍ക്കത്ത: കൊവിഡ് പ്രതിരോധത്തിലും ഇടഞ്ഞ് ബംഗാള്‍ സര്‍ക്കാറും കേന്ദ്രവും. ബംഗാളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സംഘമായ ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്റര്‍ ടീമിനെ(ഐഎംസിടി) അയച്ചതാണ് പുതിയ വിവാദത്തിന് കാരണം. കേന്ദ്ര സംഘം സന്ദര്‍ശിച്ച് ബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേന്ദ്ര സംഘത്തിന്റെ വരവ് ബംഗാള്‍ സര്‍ക്കാറും മുഖ്യമന്ത്രി മമതാ ബാനര്‍ജി ശക്തമായി എതിര്‍ത്തു.

കേന്ദ്ര സംഘത്തെ സംസ്ഥാനത്ത് പരിശോധനക്ക് സമ്മതിക്കില്ലെന്നും കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാനും കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യാസ് മോസ്റ്റ് കാളസ് ടീം, ഐ മസ്റ്റ് കോസ് ട്രബിള്‍ എന്നാണ് ഐഎംസിടിയെ അദ്ദേഹം വിശേഷിപ്പിച്ചത്. കേന്ദ്ര സംഘത്തിന് ബംഗാളില്‍ കാര്യമൊന്നുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 

ദുരന്ത നിവാരണ നിയമം 2005 ഉയര്‍ത്തിക്കാട്ടിയാണ് കേന്ദ്രം ബംഗാളിനെ ഭീഷണിപ്പെടുത്തിയത്. ബംഗാള്‍ ഗവണ്‍മെന്റ് കേന്ദ്ര സര്‍ക്കാറിനെ അനുസരിക്കണെന്ന സുപ്രീം കോടതി വിധിയും കേന്ദ്രം ഓര്‍മിപ്പിച്ചു. കേന്ദ്ര സംഘം ബംഗാളില്‍ രാഷ്ട്രീയ വൈറസ് പരത്താനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര സംഘത്തിന്റെ പ്രവര്‍ത്തനം ലോക്ക്ഡൗണ്‍ ലംഘനമാണെന്നും ബംഗാള്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബംഗാള്‍ സഹകരിക്കുന്നില്ലെന്നും ഐഎംസിടിയും ആരോപിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ നിരവധി ചോദ്യമുന്നയിച്ച കേന്ദ്രം, ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയതും വിവാദമായി. 

ബംഗാളിലെ കൊവിഡ് രോഗബാധിതരുടെയും മരിച്ചവരുടെയും കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന് ബിജെപി തുടക്കത്തിലേ ആരോപിച്ചിരുന്നു. ബിജെപി സംസ്ഥാന ഘടകമാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നീട് ബിജെപി ഐടി സെല്ലും ആരോപണം ഏറ്റെടുത്തു. കൊവിഡ് പ്രതിരോധത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ വന്‍പരാജയമാണെന്നാരോപിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതും മമതാ ബാനര്‍ജിയെ ചൊടിപ്പിച്ചിരുന്നു. ബംഗാളില്‍ കൊവിഡ് ബാധിച്ച് ആകെ 18 പേരാണ് മരിച്ചതെന്നും ബാക്കി 39 പേര്‍ കൊവിഡിനൊപ്പം മറ്റ് രോഗങ്ങളുമുണ്ടായതിനാലാണ് മരിച്ചതെന്നുമാണ് ബംഗാള്‍ സര്‍ക്കാറിന്റെ വാദം.