ബെംഗളുരു: അടുത്ത 20 ദിവസത്തേക്ക് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജ്യത്ത് കൊവിഡ് നിരക്കുകള്‍ കൂടുന്ന സാഹചര്യത്തില്‍ കര്‍ണാടക ഉടന്‍ ലോക്ക് ചെയ്യണമെന്നാണ് കുമാരസ്വാമി ആവശ്യപ്പെടുന്നത്. ബെംഗളുരു പ്രത്യേകം ലോക്ക്ഡൗണ്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

നിയന്ത്രണമുണ്ടായില്ലെങ്കില്‍ ബെംഗളുരു മറ്റൊരു ബ്രസീല്‍ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതോടെയാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതെന്ന്  ട്വീറ്റിലൂടെ അദ്ദേഹം വിമര്‍ശിച്ചു. 

''മനുഷ്യ ജീവനുകള്‍കൊണ്ട് കളിക്കുന്നത് അവസാനിപ്പിക്കൂ. ബെംഗളുരുവിലെ ജനങ്ങളുടെ ജീവന് വില നല്‍കുന്നുണ്ടെഹ്കില്‍ നഗരം 20 ദിവസത്തേക്ക് അടച്ചിടൂ. അല്ലാത്തപക്ഷം ബെംഗളുരു മറ്റൊരു ബ്രസീല്‍ ആകും. സമ്പത്തിനേക്കാള്‍ പ്രധാനം മനുഷ്യ ജീവനാണ്. '' - കുമാരസ്വാമി ട്വീറ്റ് ചെയ്തു. 

ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോള്‍ മുന്നിലാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ജനസംഘ്യയാണ്് ഇതിന് കാരണമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

കൊവിഡ് കേസുകളുടെ എണ്ണത്തില്‍  അമേരിക്ക, ബ്രസീല്‍, റഷ്യ കഴിഞ്ഞാല്‍ നാലാം സ്ഥാനം ഇന്ത്യക്കാണ്. ഇന്ന് രാവിലെയൊടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4.4 ലക്ഷം ആയി. 14000 പേര്‍ മരിച്ചു.