ചെന്നൈ: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ സേലം, ഈറോഡ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പലചരക്ക് കടകൾ ഉൾപ്പടെ അടച്ചിടാനാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം.

അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്ന സ്ഥലങ്ങളിൽ അവശ്യ സാധനങ്ങൾക്ക് പോലും പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് നിർ്‌ദ്ദേശിച്ചിരിക്കുന്നത്. പച്ചക്കറിയും അവശ്യവസ്തുക്കളും ജില്ലാ ഭരണകൂടം വീട്ടിൽ എത്തിച്ചുനൽകും. 

തായ്‌ലൻഡ്, ഇന്തൊനേഷ്യൻ സ്വദേശികൾ ഈ പ്രദേശത്ത് ഒരാഴ്ചയോളം താമസിച്ചിരുന്നു. ഇവർ 300ലധികം ആളുകളുമായി സമ്പർക്കം പുലർത്തിയെന്നാണ് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ സാഹചര്യത്തിലാണ് രണ്ടു ജില്ലകളിൽ അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

തമിഴ്‌നാട്ടിൽ ആറു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. രോഗം ബാധിച്ച് മരിച്ച 54കാരന്റെ ബന്ധുക്കളാണ് ഇവരിൽ രണ്ടുപേർ എന്നാണ് വിവരം. അതിനിടെ, രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാൾക്കൂടി മരിച്ചു. കർണാടകത്തിലെ തുകൂരു സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്.

Read Also: രാജ്യത്ത് വീണ്ടും കൊവിഡ് മരണം, മരിച്ച കര്‍ണാടക സ്വദേശി നേരത്തെ ദില്ലി സന്ദര്‍ശിച്ചതായി വിവരം..

കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.